കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നു: രജിസ്ട്രാറുടെ കസേരയില്‍ അനില്‍ കുമാര്‍; മറ്റൊരാള്‍ക്ക് ചുമതല നല്‍കി വി.സി, പ്രതിഷേധവുമായി എസ്.എഫ്.ഐ

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നു: രജിസ്ട്രാറുടെ കസേരയില്‍ അനില്‍ കുമാര്‍; മറ്റൊരാള്‍ക്ക് ചുമതല നല്‍കി വി.സി, പ്രതിഷേധവുമായി എസ്.എഫ്.ഐ

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നു. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താല്‍ക്കാലിക വി.സി. സിസാ തോമസ്.

രജിസ്ട്രാറായി അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റെടുത്തെങ്കിലും മറ്റൊരാള്‍ക്ക് രജിസ്ട്രാറുടെ ചുമതല നല്‍കിയിരിക്കുകയാണ് സിസാ തോമസ്. മിനി കാപ്പനാണ് ചുമതല നല്‍കിയത്.

കൂടാതെ ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാറിനെ ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്തു നിന്ന് വി.സി നീക്കി. അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്തു നിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്.

വി.സിയുടെ അനുമതിയില്ലാതെ പി.ഹരികുമാര്‍ സസ്‌പെന്‍ഷനിലായിരുന്ന രജിസ്ട്രാര്‍ക്ക് ചാര്‍ജ് കൈമാറിയെന്ന് കാണിച്ചാണ് നടപടി. ഇതോടെ ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു.

വി.സിയുടെ അനുമതിയില്ലാതെയാണ് രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ഞായറാഴ്ച സിന്‍ഡിക്കേറ്റ് റദ്ദാക്കിയത്. വി.സി യോഗത്തില്‍ നിന്ന് പോയതിന് ശേഷമാണ് സിന്‍ഡിക്കേറ്റ് ഈ തീരുമാനമെടുത്തത്.

ഈ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ തുടര്‍ന്ന് പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് വി.സി പറഞ്ഞിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.

ഇതിനിടെ വിസിക്കെതിരെ കടുത്ത പ്രതിഷേധങ്ങളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. വി.സി മോഹനന്‍ കുന്നുമ്മേലിന്റെ ചിത്രം വെച്ചാണ് പ്രതിഷേധം. മോഹനന്‍ കുന്നുമ്മേല്‍ ആര്‍എസ്എസ് ഗണവേഷത്തില്‍ നില്‍ക്കുന്ന ചിത്രമടങ്ങുന്ന ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധിക്കുന്നത്.

യൂണിവേഴ്‌സിറ്റിയില്‍ വന്‍ പോലീസ് വിന്യാസവുമുണ്ട്. വിസിയുടെ താല്‍കാലിക ചുമതല സിസ തോമസിനെ ഏല്‍പ്പിച്ച് ഒരാഴ്ച അവധിയെടുത്ത് റഷ്യയില്‍ പോയിരിക്കുകയാണ് മോഹനന്‍ കുന്നുമ്മേല്‍.

ഞായറാഴ്ച ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് അനില്‍കുമാറിനെ സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വിഷയത്തില്‍ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചതായും നടപടി ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

വി.സി.യുടെ സസ്പെന്‍ഷന്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് റദ്ദാക്കിയതായും അറിയിച്ചു. സിന്‍ഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി. ഡോ. ഷിജു ഖാന്‍, ജി. മുരളീധരന്‍, ഡോ. നസീബ് എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും ചുമതലപ്പെടുത്തി.

എന്നാല്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയ തീരുമാനം നിലനില്‍ക്കില്ലെന്നാണ് വി.സിയുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചത്. സസ്പെന്‍ഷന്‍ അജണ്ടയില്‍ ഇല്ലെന്നും താന്‍ പുറത്തിറങ്ങിയ ശേഷമാണ് അത്തരം തീരുമാനങ്ങള്‍ എടുത്തതെന്നും അവര്‍ പറഞ്ഞു. അതിന് നിയമസാധുതയില്ലെന്നും സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നുവെന്നും സിസാ തോമസ് ഇന്നലെ പറഞ്ഞിരുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തിയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.