ബേൺ: സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലൻ രൂപതയുടെ പന്ത്രണ്ടാമത് ബിഷപ്പായി മാർ ബെയാറ്റ് ഗ്രോഗ്ലി സ്ഥാനമേറ്റെടുത്തു. സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലൻ കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ കത്തോലിക്കാ സഭയുടെ പ്രതിനിധികളും മറ്റ് സഭാ പ്രമുഖരും നിരവധി വിശ്വാസികളും പങ്കെടുത്തു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാര പ്രകാരമാണ് ജൂലൈ അഞ്ചിന് രാവിലെ സ്ഥാനാരോഹണ ശുശ്രൂഷകൾ നടന്നത്. കൈവയ്പ്പ് ശുശ്രൂഷയും സകല വിശുദ്ധരുടെയും പ്രാർത്ഥനകളും ഉൾപ്പെടുന്നതായിരുന്നു ചടങ്ങുകൾ. മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സമീപത്തുള്ള സെന്റ് ലോറൻസെൻ റിഫോംഡ് ചർച്ചിലും ചടങ്ങുകളുടെ തത്സമയം സംപ്രേഷണമുണ്ടായിരുന്നു. സെന്റ് ഗാലൻ കന്റോണിൽ നിന്നുള്ള ഫെഡറൽ പ്രസിഡന്റ് കരിൻ കെല്ലർ-സട്ടറും പങ്കെടുത്തു.
2006 മുതൽ ബിഷപ്പ് ആയിരുന്ന മാർക്കസ് ബുച്ചൽ 2024 ഓഗസ്റ്റിൽ തന്റെ 75-ാം ജന്മദിനത്തിന് ശേഷം മാർപാപ്പയ്ക്ക് രാജി സമർപ്പിച്ച് വിശ്രമ ജീവിതത്തിൽ പ്രവേശിച്ച സാഹചര്യത്തിലാണ് പിൻഗാമിയായി ബിഷപ്പായി ബെയാറ്റ് ഗ്രോഗ്ലി എത്തുന്നത്. മെയ് മാസത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ ഇദേഹത്തെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിലും നിയമിച്ചിരുന്നു.
കിഴക്കൻ സ്വിറ്റ്സർലൻഡിലെ ഒരു വലിയ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് സേവനം നൽകുന്ന സെന്റ് ഗാലൻ രൂപതയ്ക്ക് ബിഷപ്പ് ഗ്രോഗ്ലിയുടെ നിയമനം ഒരു സുപ്രധാന നാഴികക്കല്ലാണ്. വിശ്വാസ സമൂഹത്തിൻ്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബിഷപ്പ് ഗ്രോഗ്ലിയുടെ നേതൃത്വം രൂപതയ്ക്ക് പുതിയ ഊർജവും കാഴ്ചപ്പാടും നൽകുമെന്നാണ് വിശ്വാസ സമൂഹത്തിന്റെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.