'പത്ത് ആണ്‍മക്കളെക്കൊണ്ടുള്ള ഫലം ഒരു മകള്‍ തരും': പൂര്‍വിക സ്വത്തില്‍ തുല്യാവകാശമെന്ന് ഹൈക്കോടതി

'പത്ത് ആണ്‍മക്കളെക്കൊണ്ടുള്ള ഫലം ഒരു മകള്‍ തരും': പൂര്‍വിക സ്വത്തില്‍ തുല്യാവകാശമെന്ന് ഹൈക്കോടതി

കൊച്ചി: ഹിന്ദു കുടുംബത്തിലെ പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉണ്ടെന്ന് ഹൈക്കോടതി. പിതാവിന്റെ സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശികളായ സഹോദരിമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് വിധി.

2005 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച് 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്നാണ് വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന് തടസമായി വരുന്ന 1975 ലെ കേരള കുടുംബ വ്യവസ്ഥ നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരന്‍ ഉത്തരവില്‍ വ്യക്തമാക്കി.

തങ്ങളുടെ ആവശ്യം കീഴ്ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിവിധ നിയമങ്ങള്‍ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി.

1975 ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമത്തിലെ സെക്ഷന്‍ മൂന്ന്, നാല് എന്നിവ 2005 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമവുമായി ചേര്‍ന്നു പോകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സെക്ഷന്‍ മൂന്ന് അനുസരിച്ച് പാരമ്പര്യ സ്വത്തില്‍ ആര്‍ക്കും ജന്മാവകാശമില്ല എന്ന് പറയുമ്പോള്‍ സെക്ഷന്‍ നാല് പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവര്‍ക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്.

എന്നാല്‍ 2005 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ 1975 ലെ കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമം നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി.

'പത്ത് ആണ്‍മക്കള്‍ക്ക് തുല്യമാണ് ഒരു മകള്‍. പത്ത് ആണ്‍മക്കളെക്കൊണ്ടുള്ള ഫലം ഒരു മകള്‍ തരും' എന്ന സ്‌കന്ദ പുരാണത്തിലെ വാക്യം ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍മക്കള്‍ക്കുള്ള പിതൃസ്വത്തിന്റെ പിന്തുടര്‍ച്ചാവകാശ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ കാണാറില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വത്തില്‍ തുല്യാവകാശം ഉറപ്പിക്കുന്ന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.