വിസിയുടെ വിലക്ക് ലംഘിച്ച് രജിസ്ട്രാര്‍ ഓഫീസിലെത്തി; സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ല: കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയക്കളി തുടരുന്നു

വിസിയുടെ വിലക്ക് ലംഘിച്ച് രജിസ്ട്രാര്‍ ഓഫീസിലെത്തി; സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ല: കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയക്കളി തുടരുന്നു

തിരുവനന്തപുരം: വിസി മോഹനന്‍ കുന്നുമ്മലിന്റെ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍കുമാര്‍ ഓഫീസിലെത്തി. അനില്‍ കുമാര്‍ ഓഫീസിലെത്തിയാല്‍ തടയണമെന്ന് വി.സി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അവരത് പാലിച്ചില്ല.

റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്നലെ ഡോ. സിസാ തോമസില്‍ നിന്ന് ചുമതല ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് അനില്‍കുമാര്‍ ഓഫീസില്‍ കയറുന്നത് വിലക്കിയത്.

അനില്‍ കുമാര്‍ ഓഫീസിലെത്തി ഫയല്‍ നോക്കുന്ന സാഹചര്യത്തിലാണ് വിസി അദേഹത്തെ വിലക്കിയത്. ലംഘിച്ചാല്‍ അതിക്രമിച്ചു കടക്കലായി കണക്കാക്കി നടപടിയെടുക്കുമെന്നും നോട്ടീസില്‍ അറിയിച്ചിരുന്നു.

നോട്ടീസിന് പിന്നാലെ ഡോ. അനില്‍ കുമാര്‍ ചികിത്സാ ആവശ്യത്തിന് ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും വിസി അനുവദിച്ചില്ല. സസ്‌പെന്‍ഷനിലായതിനാല്‍ അവധിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവധി അപേക്ഷ തള്ളിയത്. രജിസ്ട്രാറുടെ ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് ഡയറക്ടര്‍ക്കോ നല്‍കണമെന്നും അവധിക്കത്തിലുണ്ടായിരുന്നു.

അവധിയപേക്ഷ നിരസിച്ചതിന് പിന്നാലെ, സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതാണെന്ന് വിസിക്ക് രജിസ്ട്രാര്‍ ഇമെയിലയച്ചു. സസ്‌പെന്‍ഷന്‍ പരിശോധിക്കേണ്ടത് സിന്‍ഡിക്കേറ്റാണെന്നും ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിര്‍ദേശിച്ചതെന്നും മെയിലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.