വാഗമണ്‍ അപകടം: ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് എംവിഡി; ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചതിലും അപാകത

വാഗമണ്‍ അപകടം: ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് എംവിഡി; ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചതിലും അപാകത

വാഗമണ്‍: വഴിക്കടവിലെ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി നാല് വയസുകാരന്‍ മരിച്ച സംഭവത്തില്‍ എംവിഡി പരിശോധന നടത്തി. അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് ഗുരുതരമായ വീഴ്ചവന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചതിലും വലിയ പാകപ്പിഴയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി എംവിഡി അറിയിച്ചു.

ചെറിയൊരു കയറ്റത്തിലാണ് ചാര്‍ജിങ് സ്റ്റേഷന്‍. ഡ്രൈവര്‍ നിയന്ത്രിത വേഗത്തില്‍ കയറ്റം കയറുന്നതിന് പകരം അമിതമായി ആക്സിലറേറ്റര്‍ നല്‍കി. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ ബ്രേക്കിന് പകരം വീണ്ടും ആക്സിലറേറ്റര്‍ അമര്‍ത്തി. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

നിരപ്പായ സ്ഥലത്തായിരുന്നെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. ചാര്‍ജ് ചെയ്യാനെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യം സ്റ്റേഷനില്‍ ഇല്ല. ചാര്‍ജ് ചെയ്യാന്‍ വരുന്ന വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കറുകളും ഇല്ലായിരുന്നു. ചാര്‍ജിങ് സ്റ്റേഷനില്‍ മിനുസമുള്ള ടൈലാണ് ഇട്ടിരുന്നത്. മഴ പെയ്തതും പ്രശ്നമായി.

കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍. ശ്യാം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ആശാകുമാര്‍, എഎംവിഐ ജോര്‍ജ് വര്‍ഗീസ് എന്നിവരാണ് പരിശോധനകള്‍ നടത്തിയത്. ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.

തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നില്‍ നാഗമ്മല്‍ വീട്ടില്‍ ശബരിനാഥിന്റെയും ആര്യ മോഹന്റെയും മകന്‍ എസ്. അയാന്‍ഷ് നാഥാണ് ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്. ചാര്‍ജിങ് സ്റ്റേഷനില്‍ അമ്മയുടെ മടിയിലിരിക്കുകയായിരുന്ന അയാന്‍ഷിന്റെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ അമ്മ ചിക്തസയിലാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.