ദുബായ്: ദുബായ്‌യില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഡ്രൈവറില്ലാ ടാക്‌സികള്‍ പൊതു നിരത്തുകളില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനിടെ വിമാനത്താവളങ്ങളിലും ഇത്തരം വാഹനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആകുമെന്ന് തെളിയിച്ചിരിക്കുകയാണവര്‍.
അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാറ്റം കൊണ്ട് വന്നത്. ഡ്രൈവറില്ലാ ബാഗേജ് ട്രാക്ടറുകള്‍ ഉപയോഗിച്ച് ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് ലഗേജുകളും ചരക്കുകളുമെല്ലാം എത്തിച്ച് നല്‍കുന്ന പുതിയ രീതി ഇവിടെ വിജയകരമായി പൂര്‍ത്തിയാക്കി.
എയര്‍ ആന്‍ഡ് ട്രാവല്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ എന്ന കമ്പനിയാണ് ഈ നീക്കത്തിന് പിന്നില്‍. ഇ സെഡ് ടൗ (EZTow) എന്ന മോഡല്‍ ഇലക്ട്രിക് ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് ചരക്ക് നീക്കം നടത്തിയത്. ഇവയ്ക്ക് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകുമെന്ന് മാത്രമല്ല, ഒരേ സമയം നാല് ലഗേജ് കണ്ടെയ്നറുകള്‍ വരെ വലിച്ചു കൊണ്ട് പോകാനും സാധിക്കും.
ആറ് ദശലക്ഷം ദിര്‍ഹം ചെലവഴിച്ചുള്ള ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുറഞ്ഞ മനുഷ്യ ഇടപെടല്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. എന്നാല്‍ 2026 ല്‍ മനുഷ്യ ഇടപെടല്‍ ഇല്ലാതെ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ആറ് വൈദ്യുത ട്രാക്ടറുകളാണ് സേവനങ്ങള്‍ക്കായി കമ്പനി വികസിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കും. നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ അപകടത്തിപ്പെടാനുള്ള സാധ്യത കുറവാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചതോടെ ഇത്തരം ജോലികള്‍ നേരത്തെ ചെയ്തു വന്നിരുന്ന ജീവനക്കാരെ വിമാനത്താവളത്തിലെ മറ്റ് ചുമതലകളിലേക്ക് മാറ്റനാണ് തീരുമാനം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.