ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്നും ഏതെങ്കിലും ഒരു സംഘടന ചര്‍ച്ച നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കുടുംബത്തിന് പുറമെ പവര്‍ ഓഫ് അറ്റോര്‍ണിക്കും ചര്‍ച്ച നടത്താം. ഇവര്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി പറഞ്ഞു.
അതേസമയം ചര്‍ച്ചകള്‍ക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രീം കോടതി അനുമതി നല്‍കി.
മോചനം സാധ്യമാകണമെങ്കില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി.
ഇതിനായി തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമനില്‍ പോകാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും അദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.
മധ്യസ്ഥ സംഘത്തിലെ രണ്ട് പേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ട് പേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്നാണ് സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ അവകാശം നിമിഷ പ്രിയയുടെ കുടുംബത്തിനാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നിമിഷ പ്രിയയുടെ അമ്മ നിലവില്‍ യെമനില്‍ ഉണ്ടെന്നും അവരെ സഹായിക്കാനായി ഒരു പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
ചര്‍ച്ചകളുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പറയാന്‍ കഴിയില്ലെന്ന് അദേഹം കോടതിയെ അറിയിച്ചു. താന്‍ കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ അതാത് സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ രഹസ്യ വാദം ആകാമെന്ന് കോടതി അഭിപ്രായപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.