അതിവൈകാരികമായ രംഗങ്ങള്‍: ഇളയമകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സുജ; മിഥുന് വിട നല്‍കാന്‍ അമ്മയെത്തി

അതിവൈകാരികമായ രംഗങ്ങള്‍: ഇളയമകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സുജ; മിഥുന് വിട നല്‍കാന്‍ അമ്മയെത്തി

കൊച്ചി: അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. കൊല്ലം തേവലക്കര സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9:30 നാണ് കുവൈറ്റില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

ഇളയമകനും സുജയുടെ ചേച്ചിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോയി. ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം അഞ്ചിന് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മിഥുന്റെ മരണത്തിലെ വീഴ്ചയ്‌ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും.

വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.