കൈപ്പട നന്നായില്ലെങ്കില്‍ ഇനി അച്ചടക്ക നടപടി; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കൈപ്പട നന്നായില്ലെങ്കില്‍  ഇനി അച്ചടക്ക നടപടി; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി: വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ക്ക് വായിക്കാവുന്ന തരത്തില്‍ എഴുതിയില്ലെങ്കില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ്. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

പൊലീസ് സ്റ്റേഷന്‍, ജയില്‍, മറ്റ് പനങ്ങള്‍ എന്നിവിടങ്ങളിലെ കുറ്റവാളികളെയും അന്തേവാസികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ പലതും അവ്യക്തവും വായിച്ചാല്‍ മനസിലാകാത്തതുമാണ്.

ഇടുക്കി പീരുമേട് സബ് ജയിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍, ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി.

പരിശോധനയ്ക്ക് കൊണ്ടുവരുന്ന ആളുകളോട് വിവരം കൃത്യമായി ചോദിച്ചു മനസിലാക്കി വായിക്കാവുന്ന തരത്തില്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ട് എഴുതണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ. ഇത് ഗൗരവമായെടുത്താണ് വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത്.

ഡോക്ടര്‍മാരുടെ കുറിപ്പടി വായിക്കാന്‍ പറ്റാത്തതിനാല്‍ മരുന്നു മാറിക്കൊടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് മനസിലാകുന്ന തരത്തിലാകണം കുറിപ്പടിയെന്ന് ആരോഗ്യ വകുപ്പ് മുന്‍പേ നിര്‍ദേശിച്ചിരുന്നു. 2014-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും നിര്‍ദേശിച്ചു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലും (ടിസിഎംസി) ഡോക്ടര്‍മാരോട് ഇതു പാലിക്കാന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച മുന്‍പ് എറണാകുളം ഉപഭോക്തൃ കോടതിയും ഡോക്ടര്‍മാരുടെ കുറിപ്പ് മറ്റുള്ളവര്‍ക്ക് വായിക്കാവുന്ന തരത്തിലാകണം എന്ന് നിര്‍ദേശിച്ചിരുന്നു. പക്ഷേ കൈപ്പട നന്നാക്കാന്‍ പലരും തയ്യാറായിട്ടില്ല.

അതിനിടെ ഡോക്ടര്‍മാരുടെ കൈപ്പട നന്നാക്കാന്‍ സ്വകാര്യ മേഖലയിലെ ഒരുകൂട്ടം ഫാര്‍മസിസ്റ്റുകള്‍ സാമൂഹിക മാധ്യമം വഴി 2021 ല്‍ സമരം നടത്തിയിരുന്നു. നിലമ്പൂരിലുണ്ടായ സംഭവത്തെ തുടര്‍ന്നാണ് 'സ്റ്റെയ്റ്റസ് മാര്‍ച്ച്' എന്ന പേരില്‍ സമരം നടത്തിയത്.

ഡോക്ടര്‍ എഴുതിയതു വായിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് രക്താതി സമ്മര്‍ദത്തിനുള്ള   targit  എന്ന മരുന്നിനു പകരം നീരു മാറാനുള്ള  torget   ആണ് ഫാര്‍മസിസ്റ്റു കൊടുത്തത്.

സംഭവം വിവാദമായതോടെ 'പൊതുജനം ആവശ്യപ്പെടുന്നു, ഫാര്‍മസിസ്റ്റുകള്‍ ഓര്‍മപ്പെടുത്തുന്നു' എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമത്തില്‍ സമരം തുടങ്ങി. അതിനു ശേഷം ചില ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ കുറിപ്പടി എഴുതി തുടങ്ങി. എന്നാല്‍, ഒരുകൂട്ടം ഡോക്ടര്‍മാര്‍ ഇപ്പോഴും അതിന് തയ്യാറാകുന്നില്ല.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.