കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തുടങ്ങിയവയിലെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വിരമിച്ചിട്ടും പകരം നിയമനം നടത്താതെ പ്രസ്തുത കമ്മീഷനുകളെ നിര്‍ജീവമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.
രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നത് അവരെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യം 2020 മാര്‍ച്ചിന് ശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോള്‍ കമ്മീഷന്‍ തന്നെ നിര്‍ജീവമായിരിക്കുന്നു.
ഇതുവഴി ന്യൂനപക്ഷങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവര്‍ക്ക് നീതി ഉറപ്പാക്കാനുമുള്ള സുപ്രധാനമായൊരു സംവിധാനം ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. അധ്യക്ഷനും അംഗങ്ങളുമില്ലാതെ അതും നിര്‍ജീവമായിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കമ്മീഷനുകള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയാണ്.
ഈ സാഹചര്യത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണമെന്നും പ്രസ്തുത കമ്മീഷനുകളെ സജീവമാക്കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും നീതിയും എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പാക്കാനുള്ള അടിയന്തിര നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും വേണം.
പ്രസ്തുത അവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ അറിയിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.