മാനന്തവാടി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത വ്യക്തമാക്കി. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘീടതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണെന്നും കെസിവൈഎം മാനന്തവാടി രൂപത പറഞ്ഞു.
സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി കൊണ്ടുപോവുകയായിരുന്ന യുവതികളെ തടഞ്ഞുനിര്‍ത്തി, മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയത് ഗൂഢശക്തികളുടെ അജണ്ടയുടെ ഭാഗമാണ്. യുവതികളുടെ മാതാപിതാക്കളുടെ സമ്മതപത്രം അടക്കം കൈവശമുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുരുദ്ദേശപരമാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഒടുവിലത്തെ ഉദാഹരണമാണിതെന്നും കെസിവൈഎം ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീകളെ യാതൊരു തെളിവുമില്ലാതെ മനുഷ്യക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റം ചുമത്തി ജയിലില്‍ അടച്ചത് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ്. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ സംരക്ഷണം നല്‍കേണ്ട പൊലീസ്, അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.
ഈ വിഷയത്തില്‍ ദേശീയ തലത്തില്‍ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ഇടപെടല്‍ നടത്തിയിട്ടുണ്ട്. നിരപരാധികളായ കന്യാസ്ത്രീകളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അവര്‍ക്കെതിരെയുള്ള വ്യാജക്കേസ് പിന്‍വലിക്കണമെന്നും കെസിവൈഎം കേന്ദ്ര, ഛത്തീസ്ഗഡ് സര്‍ക്കാരുകളോട് ശക്തമായി ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.