ദുര്‍ഗ്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സന്യാസ സമൂഹവും സഭാ നേതൃത്വവും. കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ അടക്കം ദുര്‍ഗില്‍ എത്തിയിട്ടുണ്ട്. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. ജാമ്യം ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന്‍ ബൈജു പറഞ്ഞു.
സെഷന്‍സ് കോടതിയില്‍ നിന്ന് അനുകൂല വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പ്രതികരിച്ചു. നീതിപൂര്‍വമായ
ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ജയിലിന് മുന്നില്‍ പ്രതിഷേധിക്കുന്നത് ഇവിടുത്തെ സര്‍ക്കാരിനെ പ്രകോപിപ്പിക്കാനെ ഇടവരുത്തുകയുള്ളൂവെന്നും അനൂപ് ആന്റണി ദുര്‍ഗില്‍ മാധ്യമത്തോട് പ്രതികരിച്ചു.
കന്യാസ്ത്രീകളെ ജയിലിലടച്ച് ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ പെരുമാറുന്നത് ഏകാധിപത്യ രീതിയില്‍ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. പ്രതിനിധി സംഘത്തെ കന്യാസ്ത്രീകളെ കാണാന്‍ അനുവദിക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീകളെ ജയിലില്‍ അടച്ച ശേഷം ബിജെപി നേതാക്കള്‍ പറയുന്നതല്ലൊം അസംബന്ധം ആണെന്നും എം.എ ബേബി വിമര്‍ശിച്ചു.

വിഷയത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ ജോണ്‍ ബ്രിട്ടാസ് എം.പി രംഗത്തെത്തി. കന്യാസ്ത്രീകളുടെ ജാമ്യം തടയാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരും പൊലീസും ശ്രമിക്കുമ്പോള്‍ ജോര്‍ജ് കുര്യനും മറ്റുള്ളവരും കേരളത്തിലെ ക്രൈസ്തവരെ പറ്റിക്കുകയാണ്. സിബിസിഐയെ കുറ്റപ്പെടുത്തുന്ന ജോര്‍ജ് കുര്യന്റേത് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമമാണ്. ക്രൈസ്തവ സമൂഹത്തോട് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം. വിഷയത്തില്‍ മൗനം പാലിക്കുന്ന സുരേഷ് ഗോപി മാതാവിന് കിരീടവുമായി കേരളത്തില്‍ എത്തിയേക്കാം എന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു.
പ്രതിഷേധം ശക്തമാകുന്നു
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ ഇടവകയായ അങ്കമാലി എളവൂരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല അസിസ്റ്റന്റ് വികാരി ഫാദര്‍ അഖില്‍ പള്ളിപ്പാടന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ തോപ്പുംപടി ബിഒടി പാലത്തില്‍ വച്ച് നടന്ന പ്രതിഷേധ ധര്‍ണയില്‍ നിരവധി വിശ്വസികള്‍ പങ്കെടുത്തു.
സിസ്റ്റര്‍ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും അറസ്റ്റ് ചെയ്യപ്പെട്ടത് അതിഹീനവും ജനാധിപത്യ സംവിധാനത്തിന് അപമാനകരവുമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി വ്യക്തമാക്കി. പ്രസ്തുത അറസ്റ്റ് നാടകം ഇന്ത്യയിലെ മതേതരത്വത്തിനെതിരെ ഉള്ള വെല്ലവിളിയും പൗരാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ അധ്യക്ഷത വഹിച്ചു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ അടിസ്ഥാനരഹിതമായ ആരോപണത്തിനു മേല്‍ രണ്ട് കന്യാസ്തീകളെ അറസ്റ്റ് ചെയ്തതിലൂടെ മതപീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കേവലം കരാറുകാര്‍ മാത്രമായി സര്‍ക്കാരും പൊലീസും മാറിയെന്ന് അദേഹം വിമര്‍ശിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൗനം അവലംബിക്കുന്നത് ഇത്തരം വര്‍ഗീയവാദികള്‍ക്കുള്ള പരോക്ഷ പിന്തുണ കൂടിയാണെന്ന് യോഗം നിരീക്ഷിച്ചു.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ റാലി സംഘടിപ്പിച്ചു. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായ മെത്രാന്‍ ടോണി നീലങ്കാവിലും റാലിക്ക് നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം തൃശൂര്‍ ആര്‍ച്ച് ബിഷപ്പും കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.

സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മോചിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഖ്യാപിച്ചു. ''ഇന്ത്യന്‍ ഭരണഘടനയെ നിങ്ങള്‍ക്ക് ബന്ദിയാക്കാന്‍ കഴിയില്ല. ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനും സേവനമനുഷ്ഠിക്കാനും എല്ലാ അവകാശവുമുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെ പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന കന്യാസ്ത്രീകളെ ജയിലിലടയ്ക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്.''- അദേഹം വ്യക്തമാക്കി.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗം ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍ സ്വാഗതം ആശംസിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഛത്തീസ്ഗഡില്‍ അകാരണമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയമെന്ന് പാലക്കാട് രൂപയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി വിലയിരുത്തി.

കന്യാസ്ത്രീകളെ അകാരണമായി വലിയരീതിയിലുള്ള കുറ്റം ആരോപിച്ച് യാതൊരു നീതിബോധവും ഇല്ലാത്തവിധം ജയിലില്‍ അടയ്ക്കാന്‍ ഇടയാക്കിയ സംഭവം ഭീകരവും സങ്കടകരവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍. മതപരിവര്‍ത്തനം ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.