കലാഭവന്‍ നവാസിന്റെ സംസ്‌കാരം ഇന്ന് ; ആലുവ ടൗണ്‍ ജുമാമസ്ജിദിലും ആലുവയിലെ വീട്ടിലും പൊതുദര്‍ശനം

കലാഭവന്‍ നവാസിന്റെ സംസ്‌കാരം ഇന്ന് ; ആലുവ ടൗണ്‍ ജുമാമസ്ജിദിലും ആലുവയിലെ വീട്ടിലും പൊതുദര്‍ശനം

കൊച്ചി: കലാഭവന്‍ നവാസിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം ഇന്ന് വൈകിട്ട് 4:00 മുതല്‍ 5:30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും. ആലുവയിലെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകിട്ടോടെയാകും സംസ്‌കാരം.

അതേസമയം കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8:45 ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് എഫ്ഐആറില്‍ ഉള്ളത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.

ഷൂട്ടിങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8:45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.