റോം: സാഹസികരും ധീരരുമായി കർത്താവിനോടൊപ്പം നിത്യതയിലേക്ക് യാത്ര ചെയ്യുന്നവരാകണമെന്ന് യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. റോമിൻ്റെ പ്രാന്തപ്രദേശമായ തോർ വെർഗാത്തയിൽ ലോക യുവജന ജൂബിലിയാഘോഷത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുമുമ്പ് യുവജനങ്ങൾക്ക് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. നമ്മുടെ പ്രത്യാശയായ യേശു നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ആത്മാവിന്റെ ജാലകത്തിൽ മുട്ടിവിളിക്കുന്ന കർത്താവ്
സഭാപ്രസംഗകന്റെ പുസ്തകത്തിൽ നിന്നുള്ള ആദ്യ വായനയും എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ യാത്രയും ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചത്. നമ്മുടെ പരിമിതികളുമായി നാം പൊരുത്തപ്പെടുകയാണെങ്കിൽ, കടന്നുപോകുന്ന എല്ലാറ്റിന്റെയും ക്ഷണികത മനസ്സിലാക്കാൻ ആ രണ്ടു ശിഷ്യന്മാരെപ്പോലെ നമുക്കും സാധിക്കുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
പ്രഭാതത്തിൽ മുളനീട്ടുകയും സായാഹ്നത്തിൽ വാടിക്കരിയുകയും ചെയ്യുന്ന പുല്ലിന്റെ ക്ഷണികതയെക്കുറിച്ചു പറയുന്ന സങ്കീർത്തന ഭാഗവും (സങ്കീർത്തനം 90: 5-6) പാപ്പാ അനുസ്മരിച്ചു. ഏതെങ്കിലും ഒരു സൃഷ്ടിക്കോ ലോകത്തിലെ ഏതെങ്കിലും ഒരു പാനീയത്തിനോ ശമിപ്പിക്കാൻ പറ്റാത്ത ഒരു ദാഹം നമുക്ക് നിരന്തരമായി അനുഭവപ്പെടുന്നതിനാൽ ഇവയെക്കാളെല്ലാം ഉപരിയാതിനെയാണ് നാം കാംക്ഷിക്കുന്നത്.
അതിനാൽ, വിലകുറഞ്ഞ അനുകരണങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങളെ നമുക്ക് വഞ്ചിക്കാതിരിക്കാം. കാൽവിരലുകളിൽ നിന്ന് എത്തിനോക്കുന്ന ശിശുക്കളെ പോലെയായാൽ, നമ്മുടെ ആത്മാവിൻ്റെ ജാലകത്തിൽ സൗമ്യമായി മുട്ടിവിളിക്കുന്ന ദൈവത്തെ നമുക്ക് കണ്ടെത്താമെന്ന് മാർപാപ്പാ പറഞ്ഞു.
വിശുദ്ധ അഗസ്റ്റിന്റെ ജ്ഞാനം
ചെറുപ്രായത്തിൽ തന്നെ ഹൃദയം വിശാലമായി തുറന്നിടുന്നതും അവിടെ പ്രവേശിക്കാൻ കർത്താവിനെ അനുവദിക്കുന്നതും ഒരു സാഹസിക യാത്രയ്ക്കെന്നപോലെ അവിടുത്തോടൊപ്പം പുറപ്പെടുന്നതും തീർച്ചയായും മനോഹരമായ കാര്യമാണ്.
ദൈവത്തെ തീക്ഷ്ണമായി അന്വേഷിച്ച വിശുദ്ധ അഗസ്റ്റിൻ സ്വയം ഇങ്ങനെ ചോദിച്ചു: 'എന്തിനെയാണ് നമ്മുടെ പ്രത്യാശ ലക്ഷ്യം വയ്ക്കുന്നത്...?' നമ്മുടെ പ്രത്യാശയുടെ ഉറവിടം ഈ ഭൂമിയോ അതിലുള്ള ഏതെങ്കിലും വസ്തുവോ അല്ല, മറിച്ച്, എല്ലാറ്റിനെയും സൃഷ്ടാവ് തന്നെയാണ്.
അതെ, അവിടുന്നു തന്നെയാണ് നമ്മുടെ പ്രത്യാശ. അഗസ്റ്റിൻ കണ്ടെത്തിയ ഉത്തരം ഇതായിരുന്നു. ഇന്നത്തെ യുവജനങ്ങളും സമാനമായ ചോദ്യങ്ങൾ ഹൃദയത്തിൽ ചോദിക്കുന്നവരാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു.
തന്റെ ജീവിതയാത്രയെക്കുറിച്ച് ചിന്തിച്ച അഗസ്റ്റിൻ ഇപ്രകാരം പ്രാർത്ഥിച്ചു: 'കർത്താവേ, അങ്ങ് എൻ്റെ ഉള്ളിലായിരുന്നെങ്കിലും ഞാൻ അങ്ങയെ അന്വേഷിച്ചത് പുറത്താണ്. എന്നാൽ, അങ്ങ് എന്നെ വിളിച്ചു, എൻ്റെ ബധിരതയെ ഭേദിക്കാനായി അങ്ങ് ഉറക്കെ വിളിച്ചു.'
ഉന്നതത്തിലെ കാര്യങ്ങൾ
അവഗണിക്കാനാവാത്ത വിധം യുവജനങ്ങളെ അലട്ടുന്ന ഒരു ചോദ്യം ഇതാണ്: 'യഥാർത്ഥ സന്തോഷം എന്താണ്? ജീവിതത്തിന് ശരിയായ അർത്ഥം നൽകുന്നത് എന്താണ്?' ജൂബിലിയാഘോഷത്തിൻ്റെ ഈ ദിനങ്ങളിൽ നിങ്ങൾ മനസ്സിലാക്കിയതുപോലെ, നമ്മുടെ കൈവശമുള്ളതോ, നാം സമ്പാദിച്ചു കൂട്ടുന്നതോ ആയ യാതൊന്നിനും നമ്മുടെ ജീവിതത്തെ പൂർണതയിലേക്ക് നയിക്കാൻ സാധിക്കില്ല.
പിന്നെയോ, സന്തോഷത്തോടെ സ്വീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെയാണ് നാം പൂർണത പ്രാപിക്കുന്നത്. 'വാങ്ങുക, പൂഴ്ത്തിവയ്ക്കുക, ഉപഭോഗം ചെയ്യുക എന്നിവയില്ലല്ല ശ്രദ്ധിക്കേണ്ടത്, പകരം, നമ്മുടെ കണ്ണുകൾ ഉന്നതങ്ങളിലേക്ക് ഉയർത്തേണ്ടതുണ്ട്' - പാപ്പാ ഓർമിപ്പിച്ചു.
യേശുവിൽ പ്രത്യാശ
കർത്താവിനോടുള്ള ബന്ധത്തിൽ നമുക്ക് നിലനിൽക്കാം. പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും പതിവായുള്ള കുമ്പസാരത്തിലൂടെയും ഉദാരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും വാഴ്ത്തപ്പെട്ടവരായ പിയർജോർജിയോ ഫ്രസാത്തിയുടെയും കാർലോ അക്യുട്ടിസിൻ്റെയും മാതൃക പിന്തുടർന്നും നമുക്ക് അവിടത്തോട് സൗഹൃദത്തിലായിരിക്കാമെന്ന് പരിശുദ്ധ പിതാവ് യുവജനങ്ങൾക്ക് ആഹ്വാനം നൽകി.
'പ്രിയ യുവജനങ്ങളേ, യേശുവാണ് നമ്മുടെ പ്രത്യാശ. നിങ്ങൾ എവിടെയായിരുന്നാലും ചെറിയ കാര്യങ്ങളിൽ തൃപ്തിപ്പെടുന്നവരാകാതെ, വലിയ കാര്യങ്ങൾ ആഗ്രഹിക്കുകയും വിശുദ്ധി അഭിലഷിക്കുകയും ചെയ്യണം. അപ്പോൾ സുവിശേഷത്തിന്റെ പ്രകാശം നിങ്ങളിലും നിങ്ങൾക്കു ചുറ്റിലും പരക്കുന്നതു കാണാൻ സാധിക്കും' - പാപ്പാ അടിവരയിട്ടു പറഞ്ഞു.
അവസാനമായി, വീടുകളിലേക്ക് മടങ്ങുന്ന യുവജനങ്ങളെയെല്ലാം പരിശുദ്ധ ദൈവമാതാവിന് ഭരമേല്പിക്കുകയും അവർ രക്ഷകന്റെ കാലടികൾ ഉത്സാഹത്തോടെ പിന്തുടർന്ന് തങ്ങൾ കണ്ടുമുട്ടുന്ന എല്ലാവർക്കും വിശ്വാസത്തിൻ്റെ സാക്ഷികളായി മാറട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ട് ലിയോ മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.