സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; മെഡിസെപ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാകും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; മെഡിസെപ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാകും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അനുമതിയായി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തും. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ട പ്രീമിയം 500 രൂപയില്‍ നിന്നും 750 രൂപയായി കൂട്ടി.

41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളും അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തി.

ഒന്നാം ഘട്ടത്തില്‍ കറ്റാസ്ട്രഫിക് പാക്കേജില്‍ ഉണ്ടായിരുന്ന കാര്‍ഡിയാക് റീസിംഗ്രണൈസേഷന്‍ തെറാപ്പി, ഐസിഡി ഡ്യുവല്‍ ചേമ്പര്‍ എന്നിവ ഒഴിവാക്കിയിരുന്നു. ഇത് പുതിയ പാക്കേജില്‍ ഉണ്ടാകും. 10 ഇനത്തില്‍ പെട്ട ഗുരുതര/അവയവമാറ്റ രോഗചികിത്സയ്ക്കും പാക്കേജുണ്ട്. ഇതിനായി രണ്ട് കൊല്ലത്തേക്ക് 40 കോടി കോര്‍പ്പസ് ഫണ്ട് നീക്കി വയ്ക്കും.

അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരു ശതമാനം വരെ മുറിവാടക (പ്രതിദിനം 5000 രൂപ), സര്‍ക്കാര്‍ ആശുപത്രിയില്‍ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സഹകരണ മേഖല എന്നിവയില്‍ ഇഎംഐ ആനുകൂല്യം ലഭിക്കാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ്പ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍ പോളിസി കാലയളവ് മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി. രണ്ടാം വര്‍ഷത്തിലാകട്ടെ പ്രീമിയം നിരക്കിലും പാക്കേജിന്റെ നിരക്കിലും വര്‍ധദ്ധനയുണ്ട്.

മെഡിസെപ് ഒന്നാം ഘട്ടത്തില്‍ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളില്‍ പങ്കെടുപ്പിക്കും. നോണ്‍ എംപാനല്‍ഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകള്‍ക്ക് റീഇംപേഴ്‌സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയില്‍ നിലവിലുള്ള മൂന്ന് ചികിത്സകള്‍ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ പത്ത് ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തും.

തുടര്‍ച്ചയായി ചികിത്സ തേടേണ്ട ഡേ കെയര്‍ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോ തെറാപ്പി എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ് പോര്‍ട്ടലില്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ അനുവദിക്കും. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ ക്ലബ് ചെയ്ത് അംഗീകാരം നല്‍കും.

പ്രീ ഹോസ്പിറ്റലൈസേഷന്‍, പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ യഥാക്രമം 3, 5 ദിവസങ്ങള്‍ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.

ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാര്‍ഡില്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഉള്‍പ്പെടുത്തും. കരാറില്‍ നിന്നും വ്യതിചലിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള എസ്.ഒ.പി ഇന്‍ഷ്വറന്‍സ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബില്‍ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.