വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി

വര്‍ധിച്ചു വരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്  കെസിബിസി

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ധിച്ചു വരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കെസിബിസി ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഡില്‍ അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട സന്യാസിനിമാരോടും സഹോദരങ്ങളോടും കെസിബിസി വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്‍ക്കുന്നത് ഭീതികരമാണ്. കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനസ്ഥാപിച്ചു നല്‍കണം. ഈ പ്രതിസന്ധിയില്‍ കേരള സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും സന്മനസുള്ള സകല മനുഷ്യരുടെയും വലിയ കൂട്ടായ്മ പ്രകടമായിരുന്നു.

സാര്‍വത്രിക സഭയില്‍ നടന്നു കൊണ്ടിരിക്കുന്ന 'പ്രത്യാശയുടെ ജൂബിലി' കേരള സഭാ തലത്തില്‍ 2025 ഡിസംബര്‍ 13 ന് ശനിയാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വച്ച് വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചു.

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികവും വിവേചനപരമായ സര്‍ക്കാര്‍ ഓര്‍ഡറില്‍ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും അവ ക്രമവല്‍ക്കരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു.

എന്‍.എസ്.എസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്‍എസ്എസ് കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിന്യായത്തില്‍ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ വിധി ന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു.

സമാന വിഷയത്തില്‍ കെസിബിസി കമ്മീഷന്‍ ഫോര്‍ എജ്യുക്കേഷന് വേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എന്‍.എസ്.എസിനുള്ള വിധിയും അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂല വിധി നേടുകയും ചെയ്തു.

സുപ്രീം കോടതി ഉത്തരവ് എന്‍.എസ്.എസിന് മാത്രം ബാധകമാണെന്നും മറ്റു മാനേജ്മെന്റുകളില്‍ ഇത് നടപ്പാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ് ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

എന്‍.എസ്.എസിന് ലഭിച്ച അനുകൂല വിധി മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സമാന സാഹചര്യങ്ങളില്‍ ബാധകമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്.

ഇതിനകം നിയമിതരായ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുമൂലം സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമൂദായിക പരവുമായ അസ്വസ്ഥതകള്‍ക്കു കൂടി കാരണമാകുന്നുണ്ട് എന്നും കെസിബിസി വിലയിരുത്തി.

വയനാട്, വിലങ്ങാട് പ്രകൃതി ദുരന്ത പുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടു കൂടി മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മെത്രാന്മാര്‍ വാര്‍ഷിക ധ്യാനത്തില്‍ പ്രവേശിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.