ജലേശ്വര്‍: ഒഡീഷയില്‍ ബാലസോര്‍ രൂപതയ്ക്ക് കീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തിന് സമീപം വ്യാജ മത പരിവര്‍ത്തന ആരോപണം ഉന്നയിച്ച് എഴുപതോളം വരുന്ന ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് മലയാളി വൈദികരേയും രണ്ട് കന്യാസ്ത്രീകളെയും ഒരു മതബോധന അധ്യാപകനെയും ആക്രമിച്ചു.
ബുധനാഴ്ച ജലേശ്വര്‍ രൂപതയിലെ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ എന്നീ വൈദികര്‍ക്കാണ് മര്‍ദനമേറ്റത്. രണ്ട് പ്രാദേശിക ക്രൈസ്തവരുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഗംഗാധര്‍ മിഷന്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം. വൈദികര്‍ക്കൊപ്പം രണ്ട് ക്രൈസ്തവ സന്യാസിനിമാരും ഒരു മതബോധന അധ്യാപകനുമുണ്ടായിരുന്നു.
വൈകുന്നേരം ആറിന് ദിവ്യബലി അര്‍പ്പിച്ച ശേഷം രാത്രി ഒമ്പതോടെ പുറപ്പെടാനൊരുങ്ങുമ്പോഴാണ് ബജറംഗ്ദള്‍ പ്രവര്‍ത്തകരായ ഒരുകൂട്ടം അക്രമികള്‍ നിഷ്ഠൂരമായ അക്രമം അഴിച്ചു വിട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മതബോധന അധ്യാപകനെയാണ് ആദ്യം മര്‍ദ്ദിച്ചത്. അദേഹത്തിന്റെ ബൈക്കും തകര്‍ത്തു.
അക്രമികള്‍ പിന്നീട് പുരോഹിതരുടെ വാഹനത്തിന് നേരെ തിരിഞ്ഞു. ബല പ്രയോഗത്തിലൂടെ വഹനം തടഞ്ഞു നിര്‍ത്തി വര്‍ഗീയ അധിക്ഷേപം നടത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ നിരപ്പേല്‍ പറഞ്ഞു.
'അവര്‍ ഞങ്ങളെ ശാരീരികമായി ആക്രമിച്ചു. അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചു, ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഞങ്ങള്‍ അവരെ അമേരിക്കക്കാരാക്കാന്‍ ശ്രമിക്കുകയാണെന്ന് ആക്രോശിച്ചു. ബല പ്രയോഗത്തിലൂടെ അവരെ മതം മാറ്റിയെന്നും ബിജെഡിയുടെ കാലം കഴിഞ്ഞു, ഇനി ബിജെപിയുടെ ഭരണമാണെന്നും ആക്രോശിച്ചു' - ഫാ. ലിജോ പറഞ്ഞു.

പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും പ്രാര്‍ത്ഥനാ ചടങ്ങിനായി ക്ഷണിച്ചതാണെന്ന് ഗ്രാമത്തിലെ സ്ത്രീകള്‍ അപേക്ഷിച്ചിട്ടും തീവ്ര ഹിന്ദുത്വ വാദികള്‍ ആക്രമണം തുടര്‍ന്നു.
ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് സംഘം വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജമായി ആരോപിച്ചുവെന്നും മര്‍ദ്ദനമേറ്റ വൈദികര്‍ വ്യക്തമാക്കി.
മുക്കാല്‍ മണിക്കൂറിന് ശേഷമാണ് രണ്ട് പുരുഷ പൊലീസുകാരും ഒരു വനിതാ കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തിയത്.
പൊലീസിന്റെ സാന്നിധ്യത്തിലും ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം തുടര്‍ന്നു. തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ അക്രമികള്‍ ബലമായി പിടിച്ചു കൊണ്ടുപോയതായി ഫാ. ലിജോ പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.
ബാലസോര്‍ രൂപതയ്ക്ക് കീഴിലുള്ള സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മുന്‍ ഡയറക്ടറും ഇപ്പോള്‍ ജലേശ്വറിലെ ഇടവക വികാരിയുമാണ് ഫാ. ലിജോ നിരപ്പേല്‍. ജോഡ ഇടവക വികാരിയാണ് ഫാ. വി. ജോജോ.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വൈദികര്‍ പറഞ്ഞു. കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഒഡീഷയിലെ സാധാരണക്കാരായ ക്രൈസ്തവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന മതപരമായ അസഹിഷ്ണുതയുടെയും ആള്‍ക്കൂട്ട ആക്രമണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.