ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബംഗളൂരുവില്‍ സംഘടിപ്പിച്ച 'വോട്ട് അധികാര്‍ റാലി'യിലാണ് പ്രധാനമന്ത്രിയെയും തിരഞ്ഞെുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ ലഭ്യമാക്കിയാല്‍, വോട്ട് മോഷണത്തിലൂടെയാണ് മോഡി മൂന്നാമതും പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.
രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ വിഷയം സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് 'വോട്ട് അധികാര്‍ റാലി'. റാലിയുടെ ഭാഗമായി ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
'നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച റാലിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ നേതൃത്വം നല്‍കി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗരത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ഓരോ ആറ് വോട്ടുകളിലും ഒരെണ്ണം' മോഷ്ടിക്കപ്പെട്ടുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഭരണഘടനയെയും അതിന്റെ അടിത്തറയായ 'ഒരു മനുഷ്യന്‍, ഒരു വോട്ട്' സംരക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ആഭ്യന്തര സര്‍വേ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് 15-16 സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചത്. ബാംഗ്ലൂര്‍ സെന്‍ട്രല്‍, മഹാദേവപുര മണ്ഡലത്തിന്റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മീഷനും ബിജെപിയും ചേര്‍ന്ന് നടത്തിയ ഒത്തുകളി വ്യക്തമായി. മഹാദേവപുര മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ 100,250 എണ്ണം 'മോഷ്ടിക്കപ്പെട്ടു' എന്ന് കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
12,000 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരും വ്യാജമോ അസാധുവായതോ ആയ വിലാസങ്ങളുള്ള 40,000 വോട്ടര്‍മാരും ഉള്‍പ്പെടുന്നതായിരുന്നു വോട്ടര്‍ പട്ടിക. ഒരേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത 10,400 വോട്ടര്‍മാരെയും കണ്ടെത്തി. അസാധുവായ ഫോട്ടോകളുള്ള 4,000 വോട്ടര്‍മാര്‍, ഫോം 6 ദുരുപയോഗം ചെയ്തത് 33,600 അയോഗ്യരായ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നും അദേഹം ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതികള്‍ കണ്ടെത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്ക് മികച്ച പ്രകടനം കാഴ്ച സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു. ഒരു കോടി പുതിയ വോട്ടര്‍മാരായിരുന്നു ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചത്. അവര്‍ ബിജെപിക്ക് വോട്ട് ചെയ്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ വോട്ടര്‍ പട്ടികയുടെ ഇലക്ട്രോണിക് രൂപവും വീഡിയോഗ്രാഫിക് റെക്കോര്‍ഡുകളും നല്‍കിയാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'കര്‍ണാടകയിലെ ഒരു സീറ്റില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം വോട്ട് മോഷണം തെളിയിക്കാന്‍ വഴിയൊരുക്കും.
കര്‍ണാടകയിലെ വിവരങ്ങള്‍ ഒരു കുറ്റകൃത്യത്തിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ അതിനര്‍ത്ഥം അവര്‍ ഒരു കുറ്റകൃത്യം മറച്ചു വെക്കുകയും ബിജെപിയെ വോട്ട് മോഷണത്തിന് സഹായിക്കുകയും ചെയ്യുന്നു എന്നാണെന്നും രാഹുല്‍ ആരോപിച്ചു.
കമ്മീഷന്‍ ഡാറ്റ ലഭ്യമാക്കിയാല്‍ വോട്ട് മോഷണത്തിലൂടെയാണ് മോഡി പ്രധാനമന്ത്രിയായതെന്ന് ഞങ്ങള്‍ തെളിയിക്കും. ഭരണഘടനയെ ആക്രമിച്ചു കൊണ്ട് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതേണ്ട. വിഷയം പൊതുമധ്യത്തിലെത്തിക്കാന്‍ സമയം എടുത്തേക്കും. പക്ഷേ പോരാട്ടത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
അതേസമയം താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പിന്നാലെ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടത്തിയ ഇടപെടലുകളെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പുറത്തുവിട്ട വിവരങ്ങള്‍ ശരിയെന്ന് തെളിയിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും വിവരങ്ങള്‍ നല്‍കാനും കമ്മീഷന്‍ തന്നോട് ആവശ്യപ്പെടുന്നു. ഭരണഘടനയെ മാനിച്ചുകൊണ്ട് പാര്‍ലമെന്റിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് താനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
താന്‍ വിവരങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്‌സൈറ്റ് അടച്ചു പൂട്ടി. വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ അവരുടെ ഒളിച്ചുകളികള്‍ പുറത്തുവരുമെന്ന് അറിയാമായിരുന്നതിനാലാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടിയതെന്നും ഗാന്ധി ആരോപിച്ചു.
വിജയിക്കാമായിരുന്ന പല തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താന്‍ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയില്‍ രാഹുല്‍ പറയുന്നു. ഒരു മണ്ഡലം പഠിക്കാന്‍ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ഉടന്‍ ഡിജിറ്റല്‍ ഡേറ്റ കൈമാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് അ ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു
1. ഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്?
2. വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്?
3. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്?
4. മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്?
5. ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്?
അതിനിടെ വോട്ട് മോഷണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി രേഖാമൂലം പരാതി നല്‍കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രാഹുല്‍ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.