ന്യൂഡല്‍ഹി: തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സൂചന നല്‍കി സുപ്രീം കോടതി. റോഡ് മോശമായിരിക്കുമ്പോള്‍ എങ്ങനെയാണ് ടോള്‍ പിരിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നതിന് പകരം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ദേശീയപാതാ അതോറിറ്റി ശ്രമിക്കേണ്ടത്. പാലിയേക്കരയില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവവും ജഡ്ജിമാര്‍ വിവരിച്ചു.
ടോള്‍ പിരിക്കുന്നത് തടഞ്ഞതിലൂടെ ഉണ്ടായ നഷ്ടം കരാറുകാര്‍ തങ്ങളില്‍ നിന്ന് ഈടാക്കുമോയെന്നാണ് ആശങ്കയെന്ന് ദേശീയപാതാ അതോറിറ്റിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കരാര്‍ പ്രകാരം അവര്‍ക്കാണ് ബാധ്യതയെന്നും സോളിസിറ്റര്‍ വാദിച്ചെങ്കിലും കരാറുകാര്‍ അതിനെ എതിര്‍ത്തു. അധികൃതര്‍ കണ്ടെത്തിയ അഞ്ച് ബ്ലൈന്‍ഡ് സ്‌പോട്ടുകളിലാണ് പ്രശ്നമെന്നും അത് തങ്ങളുടെ ബാധ്യതയില്‍ വരുന്നതല്ലെന്നുമായിരുന്നു കരാറുകാരുടെ വാദം.
ദേശീയപാതാ അതോറിറ്റിയും കരാറുകാരും തമ്മിലുള്ള പ്രശ്നം മധ്യസ്ഥതയിലൂടെ (ആര്‍ബിട്രേഷന്‍) തീര്‍ക്കുകയാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആകെ 65 കിലോമീറ്ററുള്ള റോഡില്‍ 2.85 കിലോമീറ്ററില്‍ മാത്രമാണ് തര്‍ക്കമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഹൈവേയുമായി ഇന്റര്‍സെക്ഷന്‍ വരുന്ന ബ്ലൈന്‍ഡ് സ്‌പോട്ടുകളിലാണ് പ്രശ്നം. അവിടെ മേല്‍പ്പാലമോ അടിപ്പാതയോ നിര്‍മിച്ചുകൊണ്ട് പരിഹാരം കാണുമെന്നും തുഷാര്‍ മേത്ത അറിയിച്ചതോടെ, എങ്കില്‍ അതിനുശേഷം ടോള്‍ പിരിച്ചാല്‍ മതിയായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.
പാലിയേക്കരയിലെ ഗതാഗതക്കുരുക്കില്‍ താന്‍ കുടുങ്ങിയ കാര്യം ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചപ്പോള്‍ മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനും പ്രശ്നങ്ങളുടെ രൂക്ഷത വിവരിച്ചു. അവിടെ ഗതാഗതക്കുരുക്ക് പതിവാണെന്നും ഒരാള്‍ക്ക് ഇക്കാരണത്താല്‍ ഭാര്യാപിതാവിന്റെ ശവസംസ്‌കാരച്ചടങ്ങിനെത്താന്‍ സാധിക്കാത്ത കാര്യം മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.