വിശാഖപട്ടണം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജന വിശ്വാസം കൂടുതല്‍ ഇടിഞ്ഞതായി സര്‍വേ.
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും സമഗ്രതയെയും കുറിച്ച് പ്രതിപക്ഷം ആരോപണം കടുപ്പിച്ച സാഹചര്യത്തില്‍ ഈ പ്രവണത ശക്തിപ്പെടുകയും ചെയ്തു.
സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ 'ലോക്നീതി' പ്രോഗ്രാം നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയില്‍ 2019 നും 2025 നും ഇടയില്‍ തിരഞ്ഞെടുപ്പ് കമീഷനില്‍ 'ഉയര്‍ന്ന വിശ്വാസം' പ്രകടിപ്പിക്കുന്ന വോട്ടര്‍മാരുടെ ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായതായി വെളിപ്പെടുത്തുന്നു.
മധ്യപ്രദേശിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അവിടെ ഉയര്‍ന്ന വിശ്വാസ്യതയുള്ളവരുടെ എണ്ണം 57 ശതമാനമായിരുന്നത് ഇപ്പോള്‍ 17 ശതമാനമായി കുറഞ്ഞു. ഡല്‍ഹിയില്‍ ഇത് 60 ശതമാനത്തില്‍ നിന്ന് 21 ശതമാനം ആയും ഉത്തര്‍പ്രദേശില്‍ 56 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും കുറഞ്ഞു.
തിരഞ്ഞെടുപ്പ് സമിതിയില്‍ വിശ്വാസമില്ലാത്ത വോട്ടര്‍മാരുടെ കണക്ക് മധ്യപ്രദേശില്‍ ഏതാണ്ട് നാലിരട്ടിയായി ഡല്‍ഹിയില്‍ ഏകദേശം മൂന്നിരട്ടിയുമായി.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 19 സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു സര്‍വേയില്‍ പ്രതികരിച്ചവരില്‍ 14 ശതമാനം പേര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉറച്ച വിശ്വാസമില്ലെന്ന് 'ലോക്നീതി' കണ്ടെത്തി. അതേസമയം ഒമ്പത് ശതമാനം പേര്‍ക്ക് തീര്‍ത്തും വിശ്വാസമില്ലായിരുന്നു.
അതിനിടെ ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര' രണ്ടാം ദിവസത്തേക്ക് കടന്നു.
ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ പുതിയ വോട്ടര്‍മാരെ ചേര്‍ത്ത് വോട്ടുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും രാജ്യമെമ്പാടും വോട്ട് മോഷണം നടക്കുന്നുവെന്നും രാഹുല്‍ റാലിയില്‍ പറഞ്ഞു.
ബിഹാറിലെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം വോട്ടര്‍മാരുടെ വിശദമായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായി മാറി.
വോട്ടര്‍മാരുടെ ആത്മ വിശ്വാസം പ്രചോദിപ്പിക്കുന്നതിന് ഉയര്‍ന്ന തലത്തിലുള്ള സുതാര്യത ആവശ്യമാണെന്നും കോടതി എടുത്തു പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.