'രാഹുല്‍ ഒരു നിമിഷം പോലും തുടരരുത്'; രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റിനോട് രമേശ് ചെന്നിത്തല

'രാഹുല്‍ ഒരു നിമിഷം പോലും തുടരരുത്'; രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റിനോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിനോട് രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് അടുത്തു വരുന്ന തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്നും ചെന്നിത്തല കെപിസിസി നേതൃത്വത്തെ അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ സ്ഥാനമൊഴിയണം. രാഹുലിന്റെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഉടന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൈക്കൊണ്ടിട്ടുള്ളത്.

രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതേത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. നിലവില്‍ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകന്ന അവസ്ഥയാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ മാത്രമാണ് രാഹുലിനെ പിന്തുണച്ചിട്ടുള്ളത്. രാഹുല്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളതെന്നാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും ഈ നടപടിക്ക് കഴിയുമെന്നും രാജി അനിവാര്യമാണെന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.