നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുക ലക്ഷ്യം; വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ഒമാന്‍

 നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുക ലക്ഷ്യം; വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കറ്റ്: ദീര്‍ഘകാല വിസയ്ക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ റസിഡന്‍സി (ഗോള്‍ഡന്‍ വിസ) പ്രഖ്യാപിച്ച് ഒമാന്‍. വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാന്റെ പുതിയ നീക്കം.

സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യുവജന സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ നടന്ന 'സുസ്ഥിര ബിസിനസ് പരിസ്ഥിതി' ഫോറത്തിന്റെ ഭാഗമായി, ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സയീദിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഗോള്‍ഡന്‍ റസിഡന്‍സി, കൊമേഴ്സ്യല്‍ രജിസ്‌ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഡിജിറ്റല്‍ സേവനം തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ഈ മാസം 31 മുതല്‍ പുതിയ പദ്ധതികള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.

ദീര്‍ഘകാല നിക്ഷേപ താല്‍പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് 'ഗോള്‍ഡന്‍ റസിഡന്‍സി' പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനികളുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് സമയവും ചെലവും കുറയുന്ന രീതിയില്‍ സേവനം ലഭ്യമാകും. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നേക്കും. 


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.