എന്‍.ആര്‍.ഐ കമ്മീഷന്‍ മേഖലാതല അദാലത്തുകള്‍ പുനരാരംഭിക്കുന്നു

എന്‍.ആര്‍.ഐ കമ്മീഷന്‍ മേഖലാതല അദാലത്തുകള്‍ പുനരാരംഭിക്കുന്നു

കൊച്ചി: എന്‍.ആര്‍.ഐ കമ്മീഷന്റെ മേഖലാതല അദാലത്തുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. റിട്ട. ജസ്റ്റിസ് സോഫി തോമസ് ചെയര്‍പേഴ്‌സണായ പുനസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ ആദ്യ യോഗത്തിലാണ് തീരുമാനം.

2015 ല്‍ സംസ്ഥാനത്ത് രൂപീകരിച്ച അര്‍ധ ജുഡീഷ്യല്‍ സംവിധാനമാണ് എന്‍.ആര്‍.ഐ കമ്മീഷന്‍. പ്രവാസി മലയാളികളുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രവാസി കേരളീയരുടെ കേരളത്തിലുള്ള സ്വത്തുക്കള്‍ക്കും നിക്ഷേപങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റുകളിന്‍ മേല്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍.

പ്രവാസികളുടെ പരാതികളിന്മേലും ചില സന്ദര്‍ഭങ്ങളില്‍ സ്വമേധയായും കമ്മീഷന് ഇടപെടാനാകും. പരാതികള്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ നിശ്ചിത ഇടവേളകളില്‍ സംസ്ഥാനത്തുടനീളം സിറ്റിങുകളും/അദാലത്തുകളും നടത്തി പരാതികളില്‍ നടപടി സ്വീകരിക്കും.

പുനസംഘടിപ്പിച്ച ആറംഗ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷനില്‍ ജസ്റ്റിസ് സോഫി തോമസ് ആണ് അധ്യക്ഷ. പി.എം ജാബിര്‍, ഡോ. മാത്യൂസ്. കെ. ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍, എന്‍.ആര്‍.ഐ (കേരള) കമ്മീഷന്‍ സെക്രട്ടറി ജയറാം കുമാര്‍ ആര്‍. എന്നിവരാണ് അംഗങ്ങള്‍.
ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് 2021 മുതല്‍ 2025 ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിനിയാണ്.

തിരുവനന്തപുരത്ത് യോഗത്തോടനുബന്ധിച്ചു നടന്ന അദാലത്തില്‍ 12 പരാതികള്‍ പരിഗണിച്ചു. റിക്രൂട്ട്‌മെന്റ്-വിസാ തട്ടിപ്പുകള്‍, ഫണ്ട് തിരിമറി, അതിര്‍ത്തി തര്‍ക്കം, ആനുകൂല്യം നിഷേധിക്കല്‍, ബിസിനസ് തര്‍ക്കം, കുടുംബ തര്‍ക്കം, ഉപേക്ഷിക്കല്‍ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. അടുത്ത അദാലത്ത് എറണാകുളം കളക്ടറേറ്റില്‍ സെപ്റ്റംബര്‍ 16 ന് നടക്കും.

പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏത് വിഷയവും അര്‍ധ ജുഡീഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി കമ്മീഷന്‍ മുമ്പാകെ ഉന്നയിക്കാം. ചെയര്‍ പേഴ്‌സണ്‍, എന്‍.ആര്‍.ഐ കമ്മീഷന്‍ (കേരള), നോര്‍ക്കാ സെന്റര്‍, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ [email protected] എന്ന് ഇ മെയില്‍ വിലാസത്തിലോ പരാതികള്‍ അറിയിക്കാം. കമ്മീഷന്‍ അംഗങ്ങളായ പി.എം ജാബിര്‍, എം.എം നയീം, ജോസഫ് ദേവസ്യ പൊന്‍മാങ്കല്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്, കമ്മീഷന്‍ സെക്രട്ടറി ജയറാം കുമാര്‍ ആര്‍ എന്നിവര്‍ ആദ്യ യോഗത്തില്‍ പങ്കെടുത്തു.

2015 ല്‍ ആരംഭിച്ച കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇടക്കാലത്ത് പുനസംഘടന വൈകിയത് കാരണം നിലച്ചിരുന്നു. പ്രവാസികള്‍ക്കും നാട്ടിലെ ബന്ധുക്കള്‍ക്കും ഈ കമ്മീഷന്‍ പ്രവര്‍ത്തനം സഹായകരമാണെന്നും അതിനാല്‍ പുനസംഘടന വേഗത്തിലാക്കി പ്രവര്‍ത്തനം സജീവമാക്കണമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.