വത്തിക്കാൻ സിറ്റി: യേശുവിൻ്റെ മാതൃക പിന്തുടർന്ന് എളിമയുടെ പാഠശാലയും ശത്രുതകളകറ്റി ഏവർക്കും സ്വാഗതമരുളുന്ന ഭവനവുമായി സഭ മാറട്ടെയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച മധ്യാഹ്ന പ്രാർഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചു കൂടിയ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.
ഒരു ഫരിസേയപ്രമാണിയുടെ ക്ഷണം സ്വീകരിച്ച്, യേശു അയാളുടെ വീട്ടിൽ ഭക്ഷണത്തിനു പോയതിനെപ്പറ്റിയുള്ള ലൂക്കായുടെ സുവിശേഷത്തിലെ വിവരണത്തെ (ലൂക്കാ 14 : 1, 7-14) അടിസ്ഥാനമാക്കിയായിരുന്നു മാർപാപ്പായുടെ പ്രസംഗം. എളിമയുടെയും മറ്റുള്ളവരോടുള്ള തുറവിയുടെയും സഹവർത്തിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് പരിശുദ്ധ പിതാവ് വിചിന്തനങ്ങൾ നൽകിയത്.
യഥാർത്ഥ കണ്ടുമുട്ടലുകൾക്കായി പരിശ്രമിക്കുക
നിർവ്യാജമായ ഒരു കണ്ടുമുട്ടൽ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പാപ്പ പറഞ്ഞു. പാരമ്പര്യങ്ങളെ കാർക്കശ്യത്തോടെ വ്യാഖ്യാനിച്ചിരുന്നവർ യേശുവിനെ സംശയത്തോടെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നതെങ്കിലും, അവിടുന്ന് ഒരു നല്ല അതിഥിയെ പോലെ എളിമയോടെ ആ വിരുന്നിൽ പങ്കെടുത്തു. അതിനിടയിൽ ബഹുമാനത്തോടും ആത്മാർത്ഥതയോടുംകൂടെ ഒരു പ്രബോധനവും അവിടുന്ന് നൽകി.
പ്രമുഖ സ്ഥാനങ്ങൾ തെരഞ്ഞെടുക്കാൻ തിരക്കുകൂട്ടുന്ന ആളുകളെ കണ്ടപ്പോൾ കർത്താവ് അവരുമായി ഒരു ഉപമ പങ്കുവച്ചു. തങ്ങളുടെ പ്രാധാന്യം കാണിക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനുമാണ് അവർ അങ്ങനെ ചെയ്തത്. അതുവഴി, സാഹോദര്യത്തോടെയുള്ള പങ്കുവയ്പ്പിൽ എളിമയോടെ ഒന്നിച്ചു കൂടുന്നതിനു പകരം അവിടെ സൃഷ്ടിക്കപ്പെട്ടത് മത്സരബോധമാണ്.
കർത്താവിനെ ശ്രവിക്കുന്നവരാകുക
ഇതിനോടു സമാനമായി, വിശുദ്ധ കുർബാനയുടെ മേശയ്ക്കുചുറ്റും നാം ഒരുമിച്ചുകൂടുമ്പോൾ കർത്താവ് നമ്മെ പഠിപ്പിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണമെന്ന് പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. കർത്താവിന്റെ കണ്ണുകളിലൂടെ നമ്മെ തന്നെ വീക്ഷിക്കുന്നത് വളരെയേറെ പ്രാധാന്യമർഹിക്കുന്നു. അതിനുപകരം നാം പലപ്പോഴും ശ്രമിക്കുന്നത് പരസ്പരം മത്സരിക്കുന്നതിനും അംഗീകാരം നേടുന്നതിനും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനുമാണ്.
'എന്നാൽ, യേശു നമ്മെ വിളിക്കുന്നത്, നമ്മുടെ ഹൃദയത്തിൻ്റെ മുൻഗണനകളെ വെല്ലുവിളിക്കുന്ന അവിടുത്തെ ഒരു വചനമെങ്കിലും അല്പനേരം ധ്യാനിക്കുന്നതിനുവേണ്ടിയാണ്' - പാപ്പാ പറഞ്ഞു.
എളിമയിലൂടെ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക്
യഥാർത്ഥ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുന്നത് എളിമയാണ് എന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. അത് നമ്മിൽനിന്നുതന്നെ നമ്മെ സ്വതന്ത്രരാക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചും അതിൻ്റെ നീതിയെ കുറിച്ചുമുള്ള ജാഗ്രത അത് നമ്മിൽ ഉളവാക്കുന്നു. നമ്മെത്തന്നെ മറികടക്കാനും ജീവിതത്തിന്റെ ചക്രവാളങ്ങൾക്ക് അപ്പുറത്തേക്ക് നോക്കാനും അത് നമ്മെ പ്രാപ്തരാക്കുന്നു.
നാം ദൈവമക്കളാണെന്നും അവിടുത്തെ ദൃഷ്ടിയിൽ എത്ര വിലപ്പെട്ടവരാണെന്നും മനസ്സിലാക്കുമ്പോൾ, അതു നൽകുന്ന ഉത്തമമായ അന്തസ്സിനെപ്പറ്റിയുള്ള ബോധ്യം നമ്മിൽ ജനിക്കുന്നു. ഇപ്രകാരമുള്ള ബോധ്യത്തോടെയാണ് നാം അവസാന സ്ഥാനം തെരഞ്ഞെടുക്കുന്നതെങ്കിൽ, ലളിതമായും അനായാസമായും മുൻപന്തിയിൽ എത്താൻ ഈ അന്തസ്സ് നമ്മെ സഹായിക്കും.
അവസാനമായി, സഭ ഏവർക്കും എളിമയുടെ ഒരു പാഠശാലയും സകലർക്കും സ്വാഗതമരുളന്ന ഒരു ഭവനവുമായി മാറാൻ പ്രാർത്ഥിക്കണമെന്ന് ലിയോ പാപ്പ എല്ലാവരോടും ആവശ്യപ്പെട്ടു. യേശു നമ്മോട് പറയുന്നതുപോലെ, ശത്രുതകൾ അകറ്റാനും അവിടുത്തെ എളിമയും സ്വാതന്ത്ര്യവും അനുകരിക്കാനും സഭയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.