കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ലെന്ന് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.
കേസന്വേഷിക്കുന്ന എസ്.പി എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പില്‍ നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് മാറുന്നത്. വിജിലന്‍സില്‍ നിന്ന് സ്ഥലം മാറിയാലും ശശിധരന്‍ തന്നെ മൈക്രോ ഫിനാന്‍സ് കേസ് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നത്.
അങ്ങനെയൊരു ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്നത്. വി.എസിനെ വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നം കീഴടക്കും വരെ കേസില്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും അദേഹം തയ്യാറായിരുന്നില്ല. കോടതിയിലടക്കം വെള്ളാപ്പള്ളിയുടെ തട്ടിപ്പിനെതിരെ വി.എസ് ശക്തിയുക്തം പോരാടി.
മൈക്രോ ഫിനാന്‍സ് കേസില്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എന്‍. സോമന്‍, മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
2015 ലാണ് വി.എസ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരെ രംഗത്ത് വന്നത്. 10 വര്‍ഷത്തിലധികമായി നീണ്ടു പോകുന്ന കേസില്‍ മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു വി.എസ് അച്യുതാനന്ദന്‍ ആ കാലയളവില്‍ പല തവണ കത്ത് നല്‍കി.
ഇപ്പോഴത്തെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. മൈക്രോ ഫിനാന്‍സ് കേസ് സിബിഐക്ക് വിടണമെന്നടക്കം വി.എസ് ആവശ്യപ്പെട്ടു.
വി.എസിന്റെ മരണത്തിന് പിന്നാലെയാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ എസ്. ശശിധരനെ സ്ഥലം മാറ്റിയത്. പിണറായി വിജയന്റെ വെള്ളാപ്പള്ളി നടേശനോടുള്ള സമീപകാല സമീപനവും ശശിധരനെ സ്ഥലം മാറ്റിയതും സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലിലാണ് ശശിധരന്റെ സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കേസ് സജീവമായത്. ഓക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് നല്‍യിരുന്നു. മൈക്രോ ഫിനാന്‍സ് കേസിലെ വിജിലന്‍സ് അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ഓഗസ്റ്റില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനൊപ്പം സുപ്രധാനമായൊരു നിര്‍ദേശം കൂടി കോടതി നല്‍കിയിരുന്നു.
എസ്.പി എസ്. ശശീധരന്‍ അന്വേഷണം തുടരണമെന്നായിരുന്നു ആ നിര്‍ദേശം. എറണാകുളം വിജിലന്‍സ് എസിപി ആയിരുന്ന കാലത്ത് ശശിധരനാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. വി.എസിന്റെ മരണത്തിന് പിന്നാലെ ശശിധരനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും അദേഹം തന്നെ ഈ കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കട്ടെ എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ശശിധരന്‍ തന്നെ അന്വേഷിക്കുമെന്ന് അന്ന് നല്‍കിയ ഉറപ്പില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരിക്കുന്നത്.
ഡിഐജി ആയ കെ. കാര്‍ത്തിക്കിന് അന്വേഷണ ചുമതല നല്‍കാമെന്നും സംസ്ഥാന തലത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടു പോകാനുള്ള സാധ്യത ഏറെയാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.