വിശ്വാസ പരിശീലകർ സഭയുടെ അജപാലന ദൗത്യത്തിൽ പങ്കാളികൾ; 'ഉറക്കെ പഠിപ്പിച്ച് പ്രതിധ്വനി ഉണ്ടാക്കാൻ' മതാധ്യാപകരുടെ ജൂബിലി ദിനത്തിൽ മാർപാപ്പയുടെ ആഹ്വാനം

വിശ്വാസ പരിശീലകർ സഭയുടെ അജപാലന ദൗത്യത്തിൽ പങ്കാളികൾ; 'ഉറക്കെ പഠിപ്പിച്ച് പ്രതിധ്വനി ഉണ്ടാക്കാൻ' മതാധ്യാപകരുടെ ജൂബിലി ദിനത്തിൽ മാർപാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: വിശ്വാസയാത്രയിൽ മറ്റുള്ളവർക്കൊപ്പം സഞ്ചരിച്ച് സഭയിൽ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്ന എല്ലാ മതാധ്യാപകരെയും പ്രശംസിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വിശ്വസിക്കാനും പ്രത്യാശിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്നതിൽ പരസ്പരം സഹായിക്കാനാണ് ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

മതബോധന ശുശ്രൂഷകരുടെ ജൂബിലി ആഘോഷിച്ച ഞായറാഴ്ച, വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ. ആ ദിവസത്തെ സുവിശേഷ വായനയായ ധനവാന്റെയും ലാസറിന്റെയും ഉപമയെ (ലൂക്കാ 16: 19-31) ആസ്പദമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ പങ്കുവച്ചത്.

ദൈവം എപ്രകാരമാണ് ലോകത്തെ നോക്കിക്കാണുന്നത് എന്നാണ് ഈ ഉപമയിലൂടെ യേശു നമുക്ക് കാണിച്ചുതരുന്നത്. ലാസർ മരണാസന്നനായിരുന്നു; അവൻ്റെ മുറിവുകൾ നായ്ക്കൾ നക്കിയിരുന്നു. എന്നാൽ, പടിവാതിലിന്റെ മറുവശത്തുള്ള ധനവാനാകട്ടെ, വിശിഷ്ട വസ്ത്രങ്ങൾ അണിഞ്ഞും സംതൃപ്തി അനുഭവിച്ചുമാണ് കഴിഞ്ഞിരുന്നത്.

'യുദ്ധത്താലും ചൂഷണത്താലും തകർന്നടിഞ്ഞവരും ദുരിതമനുഭവിക്കുന്നവരുമായ അനേകം സാധാരണ ജനങ്ങളെ ഇന്നത്തെ സമ്പദ്സമൃദ്ധിയുടെ പടിവാതിൽക്കലും നമുക്ക് കാണാനാവും. നൂറ്റാണ്ടുകൾക്കു ശേഷവും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല' - പാപ്പാ പറഞ്ഞു.

ഇന്നും സമ്പന്നരുടെ അവഗണന മൂലം അനേകം ലാസർമാർ മരിച്ചുവീഴുന്നു. എന്നാൽ ദൈവം ഇരുകൂട്ടരോടും നീതിപൂർവ്വം പ്രവർത്തിക്കുന്നു എന്ന് സുവിശേഷം നമുക്ക് ഉറപ്പു തരുന്നു. അവിടന്ന് ദരിദ്രന്റെ കഷ്ടപ്പാടുകൾക്കും ധനികന്റെ ഉല്ലാസങ്ങൾക്കും അറുതി വരുത്തുന്നു. ധനികനായ മനുഷ്യൻ തൻ്റെ മരണശേഷം ലാസറിനെ അബ്രാഹത്തിന്റെ മടിയിൽ കണ്ടു. തനിക്കുണ്ടായ വിധിയെപ്പറ്റി തന്റെ സഹോദരർക്ക് മുന്നറിയിപ്പ് നൽകാൻ ലാസറിനെ അയക്കണമേ എന്ന് അവൻ അപേക്ഷിച്ചു. എന്നാൽ അവർക്ക് മോശയും പ്രവാചകന്മാരും ഉണ്ട് എന്ന മറുപടിയാണ് അബ്രാഹം നൽകിയത്.

മോശയെയും പ്രവാചകന്മാരെയും കേൾക്കുന്നത്, ആരെയും ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവത്തിന്റെ കൽപ്പനകളും വാഗ്ദാനങ്ങളും ഓർമ്മിക്കുക എന്നാണ്. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിനാൽ എല്ലാവരുടെയും ജീവിതത്തിൽ അവസ്ഥാഭേദം വരുമെന്ന് സുവിശേഷം നമ്മോടു പറയുന്നു. യേശുവിന്റെ പുനരുത്ഥാനത്താൽ നമുക്ക് ലഭിക്കുന്ന രക്ഷ സത്യമാണ് എന്നാണ് സഭ അവളുടെ മതാധ്യാപകരിലൂടെ പ്രഖ്യാപിക്കുന്നത്.

തുടർന്ന്, പരിശുദ്ധ പിതാവ് 'ക്യാറ്റക്കിസ്റ്റ്' എന്ന വാക്കിനെ കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. 'ഉറക്കെ പഠിപ്പിച്ച് പ്രതിധ്വനി ഉണ്ടാക്കുക' എന്നാണ് ഗ്രീക്ക് ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം. നമ്മുടെ മാതാപിതാക്കളായാലും സഭ നിയോഗിച്ചിരിക്കുന്ന മതാധ്യാപകരായാലും, അവർ ദൈവവചനം തങ്ങളുടെ ജീവിതത്തിലൂടെ പ്രഖ്യാപിക്കുന്നവരാണ്.

നമുക്കു മുമ്പേ വിശ്വസിച്ചവരുടെ സാക്ഷ്യത്തിലൂടെയാണ് നാമും വിശ്വാസത്തിലേക്ക് കടന്നുവരുന്നത്. ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ ജീവിതദശകളിലെല്ലാം ക്യാറ്റക്കിസ്റ്റുകൾ വിശ്വാസയാത്രയിൽ നമ്മോടൊപ്പമുണ്ട്. നമ്മുടെ ആജീവനാന്ത യാത്രയിൽ വിശ്വാസ പരിശീലകർ എന്ന നിലയിൽ അവർ പങ്കുചേരുന്നു.

മതാധ്യാപകരും തങ്ങളുടെ ജീവിതമാതൃകയിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുന്ന എല്ലാവരും സഭയുടെ അജപാലന ദൗത്യത്തിൽ പങ്കുചേരുന്നു. മനുഷ്യ മനസാക്ഷിയിൽ കുടികൊള്ളുന്ന നീതിക്കും സത്യത്തിനും വേണ്ടിയുള്ള ആഗ്രഹത്തെയാണ് അവർ ശുശ്രൂഷിക്കുന്നതെന്ന് ലിയോ പാപ്പ വിശദീകരിച്ചു.

'നിങ്ങളെ കേൾക്കുന്നവർ, കേൾവിയിലൂടെ വിശ്വാസത്തിലേക്കും വിശ്വസിക്കുന്നതിലൂടെ പ്രത്യാശയിലേക്കും പ്രത്യാശിക്കുന്നതിലൂടെ സ്നേഹത്തിലേക്കും വളരുന്ന വിധം എല്ലാം വിശദീകരിച്ചു കൊടുക്കണം' - ഡീക്കൻ ഡിയോഗ്രാഷ്യസിനോട് വിശുദ്ധ അഗസ്റ്റിൻ പറഞ്ഞ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.