വത്തിക്കാൻ സിറ്റി: പ്രേഷിത ദൗത്യത്തെക്കുറിച്ചുള്ള അവബോധം നമ്മിൽ വീണ്ടും ജ്വലിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സുവിശേഷത്തിൻ്റെ ആനന്ദവും ആശ്വാസവും എല്ലാവരിലേക്കും എത്തിക്കുക എന്ന ആഗ്രഹത്തോടെ, ദുരിതമനുഭവിക്കുന്നവരെ, പ്രത്യേകിച്ച് ജന്മനാടുകൾ വിട്ടുപേക്ഷിക്കാൻ നിർബന്ധിതരായ കുടിയേറ്റക്കാരെ ഓർക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മിഷനറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷിച്ച ഞായറാഴ്ച, വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ നാൽപതിനായിരത്തിലധികം തീർത്ഥാടകർ പങ്കെടുത്തു.
നാം ഒരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്ന പ്രേഷിത ദൗത്യം, കുടിയേറ്റക്കാരായ സഹോദരീ സഹോദരന്മാരോടുള്ള സൗഹാർദപരമായ ഐക്യദാർഢ്യം എന്നീ രണ്ടു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശുദ്ധ പിതാവ് സംസാരിച്ചത്.
മിഷൻ പ്രവർത്തനം, ദാനധർമ്മം, സാഹോദര്യം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണെന്നും ഇവയിലൂടെ സുവിശേഷത്തിൻ്റെ ആനന്ദവും ആശ്വാസവും എല്ലാവരിലേക്കും എത്തിക്കുക എന്നത് നമ്മുടെ കടമയുടെ ഭാഗമാണെന്നും മാർപാപ്പ പറഞ്ഞു.
സഭയുടെ പ്രേഷിത ദൗത്യം
ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ഇവാഞ്ചലി ഗൗദിയത്തെ ഉദ്ധരിച്ചുകൊണ്ട് 'മുഴുവൻ സഭയും മിഷനറി ആണെന്നും അതിനാൽ, നാം പുറപ്പെട്ട് എല്ലാവരോടും അടിയന്തരമായി സുവിശേഷം പ്രസംഗിക്കേണ്ടതുണ്ടെന്നും' പാപ്പ അടിവരയിട്ടു പറഞ്ഞു.
എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ സാഹചര്യങ്ങളിലേക്കും മടിയോ ഭയമോ കൂടാതെ കടന്നു ചെന്ന്, യുദ്ധം, അനീതി എന്നിവ മൂലം വ്യാപകമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് സുവിശേഷം നൽകുന്ന പ്രത്യാശയും സമാശ്വാസവും പകർന്നു നൽകി, അവരുടെ വിശ്വാസം ശക്തിപ്പെടുത്തുക എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
ഒരു പുതിയ മിഷനറി യുഗം
ഇന്ന് ഒരു പുതിയ മിഷനറി യുഗത്തിലാണ് നാം ആയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾ കടന്ന് പ്രേഷിത വേലയ്ക്കായി വിദേശങ്ങളിലേക്ക് പോകുന്നതിനേക്കാളുപരി, ദാരിദ്ര്യവും കഷ്ടപ്പാടും പ്രത്യാശയ്ക്കുവേണ്ടിയുള്ള ആഗ്രഹവും അനുഭവിക്കുന്നവർ ഇന്ന് നമ്മുടെ അടുത്തേക്ക് കടന്നുവന്നിരിക്കുന്നു.
കുടിയേറ്റക്കാരായ നമ്മുടെ സഹോദരീ സഹോദരന്മാരിലാണ് ഈ യാഥാർത്ഥ്യം നമുക്ക് കാണാനാവുക. അതിനാൽ, നാം ആയിരിക്കുന്നിടത്ത് ആതിഥ്യ മര്യാദയിലൂടെയും കരുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുകയും വെളിപ്പെടുത്തുകയും ചെയ്യാൻ നമുക്ക് സാധിക്കണം.
മിഷൻ പ്രവർത്തനങ്ങളിലെ സഹകരണവും മിഷനിലേക്കുള്ള ദൈവവിളികളും
അവസാനമായി, സഭകൾക്കിടയിൽ മിഷനറി സഹകരണം പ്രോത്സാഹിപ്പിക്കുക, മിഷനറി ദൈവവിളികളുടെ പ്രാധാന്യം വിലമതിക്കുക എന്നീ രണ്ട് ദൗത്യങ്ങൾ ലിയോ മാർപാപ്പ വിശദീകരിച്ചു. ലോകത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള സഹോദരീ സഹോദരന്മാരുടെ സാന്നിധ്യവും അവരുമായുള്ള കൂടിക്കാഴ്ചയും നാം സ്വാഗതം ചെയ്യണം. ഇതു വഴി സഭയെ നവീകരിക്കാനും കൂടുതൽ തുറവിയോടെ ചലനാത്മകമായി നിലനിർത്താനും സാധിക്കും.
മിഷനറി ദൈവവിളികളുടെ പ്രാധാന്യത്തെപ്പറ്റിയും പാപ്പാ എടുത്തുപറഞ്ഞു. മിഷൻ പ്രദേശങ്ങളിലെ ശുശ്രൂഷകളിൽ വൈദികർ, സന്യസ്തർ, അല്മായർ എന്നിവർ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ, കൂടുതൽ ഭാഗഭാക്കുകളാകണം. ഇക്കാര്യത്തിൽ യുവജനങ്ങളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുതിയ ആശയങ്ങൾ ആവശ്യമാണെന്ന് മാർപാപ്പ പറഞ്ഞു.
വിവിധ വ്യക്തിസഭകളിൽ നിന്നുള്ള മിഷനറിമാർക്കും ദൈവവിളി തിരിച്ചറിയാൻ കാത്തിരിക്കുന്നവർക്കും കുടിയേറ്റക്കാർക്കും ആശീർവാദം നൽകിക്കൊണ്ടാണ് പരിശുദ്ധ പിതാവ് പ്രസംഗം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.