ന്യൂഡല്‍ഹി: അമേരിക്കയുടെ തുടര്‍ച്ചയായ സമ്മര്‍ദത്തിനിടയിലും ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി തുടരുന്നു. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയില്‍ റഷ്യയാണ് മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് ആഗോളതലത്തില്‍ എണ്ണ നീക്കം സംബന്ധിച്ച കണക്കുകള്‍ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക ചുമത്തിയ പിഴ തീരുവയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന തുടര്‍ച്ചയായുള്ള സമ്മര്‍ദവും അവഗണിച്ചാണ് ഇന്ത്യ എണ്ണയെത്തിക്കുന്നത്. സെപ്റ്റംബറില്‍ രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 33.8 ശതമാനം വരെയാണ് ഇറക്കുമതി ചെയ്യുന്നത്. 2025 ഏപ്രിലിലെ 40.26 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്.
അതേസമയം മധ്യേഷ്യയിലെ പരമ്പരാഗത രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇറക്കുമതി 44 ശതമാനം വരും. ഇറാഖില്‍ നിന്ന് 18.7 ശതമാനം, സൗദി അറേബ്യയില്‍ നിന്ന് 12.8 ശതമാനം, യുഎഇയില്‍ നിന്ന് 12.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. എണ്ണ സ്രോതസ് വിപുലപ്പെടുത്താനും ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്.
സെപ്റ്റംബറില്‍ നൈജീരിയ 4.9 ശതമാനം, അങ്കോള 2.7 ശതമാനം എന്നിങ്ങനെ എണ്ണയെത്തിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 4.3 ശതമാനമാണ്.
അതേസമയം അമേരിക്കയുടെ സമ്മര്‍ദം ഫലിക്കുന്നില്ലെന്ന് പറയാനാകില്ലെന്ന് കെപ്ലര്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള ചരക്ക് വരവില്‍ കുറവുണ്ടായിട്ടുണ്ടെന്നത് കണക്കുകളില്‍ വ്യക്തമാണ്. ഏകദേശം 15.98 ലക്ഷം വീപ്പ എണ്ണയാണ് ദിവസവും റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതെന്നാണ് കണക്ക്. ഓഗസ്റ്റിനെ അപേക്ഷിച്ച് പത്ത് ശതമാനം വരെ കുറവാണിത്.
അമേരിക്കന്‍ സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എണ്ണസംസ്‌കരണ കമ്പനികള്‍ എണ്ണ വാങ്ങുന്നതിനുള്ള സ്രോതസ് വിപുലമാക്കാന്‍ നിര്‍ബന്ധിതമാകുന്നതായും കെപ്ലര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.