ന്യൂഡല്‍ഹി: ജന്മദിനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനെപ്പറ്റി ഇരു നേതാക്കളും സംസാരിച്ചു. ഉക്രെയ്‌നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പുടിന്‍ മോദിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് മോഡി പുടിനോട് പറഞ്ഞു. എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് പുടിനെ മോഡി ഫോണ്‍ ചെയ്ത് ആശംസ അറിയിച്ചത്. പുടിന്റെ ആരോഗ്യത്തിനും വിജയത്തിനും അദേഹം ആശംസകള്‍ നേര്‍ന്നു. ഈ സംഭാഷണത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും വിശിഷ്ടവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള നാലാമത്തെ ഫോണ്‍ സംഭാഷണമാണിത്. പുടിന്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദര്‍ശനത്തിന് മുന്നോടിയായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ പുരോഗതി വിലയിരുത്താനും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.
പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അടുത്ത മാസം ഡല്‍ഹിയിലെത്തും. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഉറപ്പിക്കാനാണ് അദേഹം എത്തുന്നത്. 2021 ലാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. 2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം അദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.