ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം തിരികെ വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം നിരാകരിച്ച താലിബാന്‍ ഭരണകൂടത്തിന് അനുകൂല നിലപാടുമായി ഇന്ത്യ.
മോസ്‌കോയില്‍ നടന്ന ഏഴാമത് 'മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്ഥാന്‍' യോഗത്തില്‍ അഫ്ഗാനിസ്ഥാന്‍, റഷ്യ, ചൈന, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം വിഷയത്തിലുള്ള എതിര്‍പ്പ് ഇന്ത്യ പ്രകടിപ്പിച്ചത്.
അഫ്ഗാനിസ്ഥാനിലെ വിദേശ സൈന്യത്തിന്റെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ നിലപാടെടുത്തു. ഇന്ത്യ, റഷ്യ, ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധികളും ഉന്നതോദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്നതിനാല്‍, അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ബഗ്രാം എന്ന് പറഞ്ഞില്ലെങ്കിലും ഇത് ട്രംപിന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് കണക്കാക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീര്‍ മുത്താക്കി നയിച്ച പ്രതിനിധി സംഘവും യോഗത്തില്‍ പൂര്‍ണസമയ അംഗമായി ആദ്യമായി പങ്കെടുത്തു. ബഗ്രാം വ്യോമതാവളം തിരിച്ചുനല്‍കണമെന്ന ആവശ്യം സെപ്റ്റംബര്‍ മാസത്തിലാണ് ട്രംപ് മുന്നോട്ടു വെച്ചത്. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു.
2017 ല്‍ നിലവില്‍വന്ന നയതന്ത്ര സംവിധാനമാണ് 'ദ മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്ഥാന്‍'. ബഹുമുഖ സഹകരണത്തിലൂടെ അഫ്ഗാനിസ്ഥാനില്‍ സമാധാനം, സ്ഥിരത, വികസനം എന്നിവ സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.