ലോക ശാന്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നൊബേല്‍ സമാധാന പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്ന നൊബേല്‍ പുരസ്‌കാരങ്ങളിലൊന്നായ സമാധാന അവാര്‍ഡ് ആര്‍ക്കാണെന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് പുരസ്‌കാര പ്രഖ്യാപനം.
സമാധാന നൊബേല്‍ മറ്റ് നൊബേല്‍ പുരസ്‌കാരങ്ങളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യത്യസ്തമാണ്. അന്തര്‍ദേശീയ സഹോദര്യം, സൈനിക സംഘര്‍ഷങ്ങള്‍ കുറയ്ക്കല്‍, സമാധാന സമ്മേളനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നവയില്‍ പ്രത്യേക സംഭാവന ചെയ്തവര്‍ക്കാണ് ഈ ബഹുമതി നല്‍കേണ്ടതെന്ന് സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലിന്റെ നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും ശാസ്ത്രലോക നേട്ടങ്ങള്‍ക്കും ഉള്ള മറ്റ് നൊബേല്‍ അവാര്‍ഡുകള്‍ സ്വീഡനില്‍ നിന്നാണ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ സമാധാന പുരസ്‌കാരം മാത്രം നോര്‍വെയിലാണ് നല്‍കുന്നത്. അവാര്‍ഡ് ലഭിക്കുന്നവരെ തിരഞ്ഞെടുക്കുന്നത് നോര്‍വീജിയന്‍ നൊബെല്‍ കമ്മിറ്റിയാണ്. അഞ്ചംഗ സ്വതന്ത്ര ബോര്‍ഡ് അവര്‍ക്കു ലഭിക്കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കി മാസങ്ങളോളം വിലയിരുത്തലുകള്‍ നടത്തും. നോമിനേഷന്‍ വിവരങ്ങളും പ്രക്രിയയും 50 വര്‍ഷത്തേക്ക് രഹസ്യമായിരിക്കും.
ഈ വര്‍ഷത്തെ നോമിനേഷനും പശ്ചാത്തലവും
2025 ല്‍ 338 പേരെയും സംഘടനകളെയും ഈ ബഹുമതിക്ക് നാമനിര്‍ദേശം ചെയ്തതായി നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. 244 വ്യക്തികളും 94 സംഘടനകളും. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം നാമനിര്‍ദേശ പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം:
ഫ്രാന്‍സിസ് മാര്‍പാപ്പ:
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരിക്കെ ഏപ്രില്‍ 21 ന് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ ഈ വര്‍ഷം ആദ്യം സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിരുന്നു. 'വ്യക്തികള്‍ക്കും, ജനവിഭാഗങ്ങള്‍ക്കും, രാജ്യങ്ങള്‍ക്കുമിടയില്‍ ദൃഢവും സമഗ്രവുമായ സമാധാനവും സാഹോദര്യവും വളര്‍ത്തുന്നതില്‍ അദേഹത്തിന്റെ അചഞ്ചലമായ സംഭാവനകള്‍' കണക്കിലെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമാധാന നൊബേല്‍ നല്‍കണമെന്ന് നോര്‍വേയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഡാഗ് ഇന്‍ഗെ ഉള്‍സ്റ്റൈന്‍ നാമനിര്‍ദേശം ചെയ്തിരുന്നു. 2022 ലും ഫ്രാന്‍സിസ് മാര്‍പാപ്പ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ മരണാനന്തരം ഈ പുരസ്‌കാരം ആര്‍ക്കും നല്‍കിയിട്ടില്ല.
ഡൊണള്‍ഡ് ട്രംപ്:
ഇത്തവണ സമാധാന നൊബേലിനായി ഏറ്റവുമധികം അവകാശവാദം ഉന്നയിച്ച വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു.
താന്‍ ഇടപെട്ട് ഏഴ് യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും അതുകൊണ്ട് തന്നെ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. നൊബേല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ അത് തന്റെ രാജ്യത്തിന് അപമാനമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയില്‍ സമാധാന കരാര്‍ സാധ്യമാക്കിയതോടെ ട്രംപിന് അനുകൂല നിലപാടുമായി നിരവധി ലോക നേതാക്കളും എത്തിയിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാരത്തിന് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു.
തിയഡോര്‍ റൂസ്വെല്‍റ്റ് (1906), വുഡ്രൊ വില്‍സണ്‍ (1919), ജിമ്മി കാര്‍ട്ടര്‍ (2002), ബറാക് ഒബാമ (2009) എന്നിവരാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുള്ള യുഎസ് പ്രസിഡന്റുമാര്‍.
ഇലോണ്‍ മസ്‌ക്:
ടെസ്‌ല മേധാവിയുടെ മനുഷ്യന്റെ മൗലിക അവകാശങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, സമാധാനം എന്നിവയുടെ സംരക്ഷണത്തിനായി നല്‍കുന്ന പിന്തുണ പരിഗണിച്ച് ഇലോണ്‍ മസ്‌കിനെ സ്ലൊവേനിയയില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ബ്രാങ്കോ ഗ്രിംസാണ് സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തത്. 'നൊബേല്‍ സമാധാന സമ്മാനം 2025 നുള്ള താങ്കളുടെ നാമനിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നു' എന്ന പുരസ്‌കാര സമിതിയുടെ സ്ഥിരീകരണ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും ഗ്രിംസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു
അന്‍വര്‍ ഇബ്രാഹിം:
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. ഡാതുക് ഉസ്മാന്‍ ബക്കര്‍, പ്രൊഫ. ഡോ. ഫാര്‍ കിം ബെങ് എന്നിവരാണ് നാമനിര്‍ദേശം ചെയ്തത്. സംഭാഷണം, പ്രാദേശിക സൗഹൃദം, നിര്‍ബന്ധിതമല്ലാത്ത നയതന്ത്രത്തിലൂടെയുള്ള സമാധാനം എന്നിവയോടുള്ള പ്രതിബദ്ധത, തായ്‌ലന്‍ഡ് -കംബോഡിയ വെടിനിര്‍ത്തലിന് നടത്തിയ സമയോചിതമായ പങ്ക് എന്നിവ ചൂണ്ടികാട്ടിയാണ് ഇരുവരും അന്‍വര്‍ ഇബ്രാഹിമിനെ നാമനിര്‍ദേശം ചെയ്തത്.
യുദ്ധത്തിനും ക്ഷാമത്തിനും ഇടയില്‍ സാധാരണക്കാരെ സഹായിക്കാന്‍ ജീവന്‍ പണയപ്പെടുത്താനും തയാറാകുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ശൃംഖലയായ സുഡാനിലെ അടിയന്തര പ്രതികരണ സംഘം, ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നയ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎന്‍എച്ച്സിആര്‍), യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റ്ഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന്‍) തുടങ്ങിയ പേരുകളും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഇവയൊന്നുമല്ലാത്ത പേര് പ്രഖ്യാപിച്ച് നൊബേല്‍ പുരസ്‌കാര സമിതി ഇത്തവണയും ഞെട്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.