കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകുന്നേരം മൂന്നിന് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
ഷാഫിയുടെ മൂക്കിനാണ് പരിക്കേറ്റത്. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടര്‍ന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.
തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാര്‍ജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടര്‍ന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷന്‍ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.
ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം.കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.