ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഐഎസ്‌ഐ ചാര സംഘടനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മംഗത് സിങാണ് അറസ്റ്റിലായത്.
രണ്ട് വര്‍ഷമായി യുവാവ് പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്തുവരികയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈനികരുടെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്ര പ്രധാനമായ വിവരങ്ങള്‍ യുവാവ് ചോര്‍ത്തി നല്‍കി. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം രാജസ്ഥാനിലെ വിവിധ ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
മംഗത് സിങിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കൂടുതല്‍ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും മംഗത് സിങ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി. രണ്ട് പാകിസ്ഥാന്‍ നമ്പറുകളുമായി ഇയാള്‍ സ്ഥിരമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. ഹണി ട്രാപ്പിലൂടെയാണ് ഇയാളെ ഐഎസ്‌ഐ കുടുക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇഷ ശര്‍മ എന്ന വ്യാജ ഐഡിയിലൂടെയാണ് പാക് യുവതി മംഗത് സിങുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.