'കുടിക്കാന്‍ കുപ്പിയില്‍ വെള്ളം വയ്ക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും'; സ്ഥലം മാറ്റത്തിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൈക്കോടതിയില്‍

'കുടിക്കാന്‍ കുപ്പിയില്‍ വെള്ളം വയ്ക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും'; സ്ഥലം മാറ്റത്തിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്ത് കുടിവെള്ള കുപ്പികള്‍ വച്ചതിന്റെ പേരില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍. മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ കണ്ടക്ടറായ പാലാ മരങ്ങാട്ടുപിള്ളി പുതിയാമറ്റത്തില്‍ ജയ്‌മോന്‍ ജോസഫാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്കുള്ള സ്ഥലമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. തന്റെ സ്ഥലംമാറ്റം ഏകപക്ഷീയവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ച കോടതി കേസ് വീണ്ടും അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

ഒമ്പത് വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തന്റെ ഭാഗത്ത് നിന്ന് ഇതുവരെ മോശം പെരുമാറ്റമുണ്ടായ ഒരു സംഭവം പോലുമില്ല. ഇന്നുവരെ അച്ചടക്ക നടപടികളും നേരിട്ടിട്ടില്ല. എന്നിട്ടും ഭരണപരമായ സൗകര്യാര്‍ഥം തന്നെ സ്ഥലം മാറ്റുകയായിരുന്നു എന്ന് ജയ്‌മോന്‍ ഹര്‍ജിയില്‍ പറയുന്നു. കാരണം വ്യക്തമായി പറയാതെ ഇത്തരം കാരണങ്ങളുടെ പേരില്‍ സ്ഥലംമാറ്റം പാടില്ലെന്ന് കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുണ്ട്.

50 ലേറെ യാത്രക്കാരുമായി പോയ ബസ് നടുറോഡില്‍ തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് ഒരു അധികാരവുമില്ല. പൊന്‍കുന്നം മുതല്‍ തിരുവനന്തപുരം വരെ 210 കിലോമീറ്റര്‍ ദൂരമുണ്ട്. നല്ല ചൂടുസമയത്തിനൊപ്പം എഞ്ചിനില്‍ നിന്നു വരുന്ന ചൂടുമുണ്ട്. ഈ സമയം കുടിക്കാനാണ് രണ്ട് കുപ്പി വെള്ളം കരുതിയിരിക്കുന്നത്. വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും വെള്ളം വേണം. കുപ്പി വയ്ക്കാന്‍ ഡ്രൈവറുടെ കാബിനില്‍ വേറെ സ്ഥലമില്ല. ഇത്ര ദൂരം വാഹനമോടിക്കുന്ന ഡ്രൈവര്‍ കുടിക്കാനായി കുപ്പിവെള്ളം വയ്ക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്നും തന്റെ സ്ഥലമാറ്റ നടപടി റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം ഒന്നാം തിയതി മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആയൂരില്‍ വച്ച് മന്ത്രി ഗണേഷ് കുമാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ബസില്‍ വൃത്തിയില്ല, കുപ്പിവെള്ളം വച്ചു തുടങ്ങിയ കാരണങ്ങളുടെ പേരില്‍ ജയ്‌മോന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ് സജീവ്, മെക്കാനിക് വിഭാഗം ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലംമാറ്റി ആ മാസം മൂന്നിനാണ് ഉത്തരവിറങ്ങിയത്. ജയ്‌മോനെ തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്. സംഭവം വിവാദമായതോടെ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്ന് വാര്‍ത്ത പരന്നെങ്കിലും ഇതുണ്ടായില്ല.

ബസ് ഓടിച്ചുകൊണ്ടിരുന്ന ജയ്‌മോന്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ കുഴഞ്ഞുവീണിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.