ചെലവ് വളരെ കുറവ്, 100 ശതമാനം സുരക്ഷയും; ദുബായ് നഗരത്തില്‍ അടുത്ത മാര്‍ച്ച് മുതല്‍ റോബോ ടാക്‌സികള്‍ ഓടിത്തുടങ്ങും

ചെലവ് വളരെ കുറവ്, 100 ശതമാനം സുരക്ഷയും; ദുബായ് നഗരത്തില്‍ അടുത്ത മാര്‍ച്ച് മുതല്‍ റോബോ ടാക്‌സികള്‍ ഓടിത്തുടങ്ങും

ദുബായ്: റോബോ ടാക്‌സികളെ സ്വീകരിക്കാനൊരുങ്ങി ദുബായ് നഗരം. 2026 മാര്‍ച്ചില്‍ ദുബായ് നിരത്തിലൂടെ റോബോ ടാക്‌സികളും ഓടിത്തുടങ്ങും. 60 റോബോ ടാക്‌സികളായിരിക്കും ആദ്യ ഘട്ടം നിരത്തിലിറങ്ങുക. 2030 ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25 ശതമാനവും സ്മാര്‍ട്ട് രീതിയിലാക്കുകയാണ് ലക്ഷ്യം.

ജുമൈര, ഷെയ്ഖ് സായിദ് റോഡ്, സിലിക്കണ്‍ ഒയാസിസ് ഉള്‍പ്പെടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ നിലവില്‍ പരീക്ഷണയോട്ടം പുരോഗമിക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ വ്യക്തമാക്കി.

റോബോ ടാക്‌സികളുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ചൈനീസ് ഓട്ടോണമസ് വെഹിക്കിള്‍ (എവി) ടെക്‌നോളജി കമ്പനിയായ പോണി എഐയും ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ഒപ്പുവെച്ചു.

പോണി എഐ മള്‍ട്ടി ഫേസ് റോള്‍ഔട്ടിലൂടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ അവതരിപ്പിക്കും. ഷാങ്ഹായ് ഓട്ടോ ഷോയില്‍ പോണി എഐ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനം അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ദുബായ് ആര്‍ടിഎയുമായി ധാരണാപത്രം ഒപ്പു വെച്ചത്.

പോണി എഐയുടെ ഏഴാം തലമുറ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തില്‍ 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മറ്റ് ഗതാഗതങ്ങളെ അപേക്ഷിച്ച് 70 ശതമാനം ചെലവും കുറവാണ്. വാഹനത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ അതിവേഗ ഹൈവേകള്‍ മുതല്‍ തിരക്കേറിയ പ്രദേശങ്ങള്‍ വരെയുള്ള അതിസങ്കീര്‍ണ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യും.

ചൈനയില്‍ തലസ്ഥാന നഗരമായ ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷോ, ഷെന്‍ഷെന്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും ഡ്രൈവറില്ലാ റൈഡ്-ഹെയ്ലിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഓട്ടോണമസ് ഡ്രൈവിങ് കമ്പനിയാണ് പോണി എഐ.

ഏകദേശം 300 റോബോ ടാക്‌സി വാഹനങ്ങള്‍ ബീജിങ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ഗ്വാങ്ഷോ ബയൂണ്‍ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.