'സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട': ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വീണ്ടും ശിവന്‍കുട്ടി

'സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട':   ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വീണ്ടും ശിവന്‍കുട്ടി

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വീണ്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റക്കാരാക്കാന്‍ മാനേജ്മന്റ് ശ്രമിച്ചുവെന്നാണ് മന്ത്രിയുടെ വിമര്‍ശനം.

സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ടന്നും വിവാദം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ല.

സ്‌കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തു നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്മെന്റിന് ഓര്‍മ വേണം.

വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സര്‍ക്കാര്‍ വിഷയത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും. സര്‍ക്കാരിന് മുകളിലാണ് തങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം സ്‌കൂള്‍ പിന്തുടരുന്ന നിയമാവലി പ്രകാരം യൂണീഫോം ധരിച്ച് കുട്ടി സ്‌കൂളില്‍ എത്തുമെന്നും പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ഉദേശിക്കുന്നില്ലെന്നും സമവായ ചര്‍ച്ചയില്‍ കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്തിരുന്നു.

എന്നാല്‍ അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ എത്താമെന്നാണ് പിന്നീട് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.