ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച.
മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ഒരുമിച്ചിരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
'എല്ലാവരെയും ചര്‍ച്ചകള്‍ക്കായി ഞാന്‍ ക്ഷണിക്കുകയാണ്, രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവിടെ ഉണ്ടാകും. എല്ലാവരുമായും ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ'-ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍ തങ്ങള്‍ അത് അംഗീകരിക്കുമെന്ന് സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും ആഭ്യന്തര മന്ത്രിയുമായ ജി.പരമേശ്വര പറഞ്ഞു. തര്‍ക്കത്തിനിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ നടത്തിയ ദളിത് നേതാവാണ് പരമേശ്വര. സംസ്ഥാനത്തെ ചില ദളിത് സംഘടനകളുടെ പിന്തുണയും അദേഹത്തിനുണ്ട്.
രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. വാക്കാണ് ലോക ശക്തി. വാക്ക് പാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്തെന്ന് ഇതിനിടെ ഹൈക്കമാന്‍ഡിനെ ഉന്നമിട്ട് ഡി.കെ ശിവകുമാര്‍ ഒളിയമ്പ് എയ്യുകയും ചെയ്തു.
എന്നാല്‍ മുഖ്യമന്ത്രി പദം വീതം വയ്ക്കുന്നത് സംബന്ധിച്ച ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. എംഎല്‍എമാരുടെ പൊതുതാല്‍പര്യം അനുസരിച്ച് തീരുമാനിക്കണമെന്നും അദേഹം ആവശ്യപ്പെടുന്നു. എംഎല്‍എമാരില്‍ കൂടുതല്‍ പേരും തന്നെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനസംഘടന ഉടന്‍ നടപ്പാക്കണമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുത്ത ശേഷം മതി മന്ത്രിസഭാ പുന സംഘടനയെന്നാണ് ശിവകുമാര്‍ പക്ഷം ആവശ്യപ്പെടുന്നത്.
അതിനിടെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷ സ്ഥാനത്തും മാറ്റത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലേറെയായി കെപിസിസി അധ്യക്ഷനായി തുടരുന്ന ശിവകുമാര്‍ പദവി ഒഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയാണ് ശിവകുമാര്‍ കെപിസിസി അധ്യക്ഷ പദവി ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി തുടങ്ങിയ നേതാക്കള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി കാത്തിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.