'ദളിത്, ഒബിസി വോട്ടുകള്‍ വെട്ടി മാറ്റുന്നു'; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

'ദളിത്, ഒബിസി വോട്ടുകള്‍ വെട്ടി മാറ്റുന്നു';  തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്ഐആര്‍) വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ നേട്ടത്തിനായി വോട്ടര്‍ പട്ടികയുടെ രൂപം മാറ്റുന്ന നിലയില്‍ എസ്ഐആര്‍ ദുരുപയോഗപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ഭീഷണിപ്പെടുത്തി ഒബിസി, ദളിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്നും എക്സില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒബിസി വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്നും പൊലീസ് നടപടി നേരിടുമെന്നും വിപിന്‍ യാദവിന് ഭീഷണി ഉണ്ടായിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

വിപിന്‍ യാദവിന്റെ മരണം ബിഎല്‍ഒമാര്‍ നേരിടുന്ന നിര്‍ബന്ധിത സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ഈ പോസ്റ്റ് പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കഴിഞ്ഞ 19 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 16 ബിഎല്‍ഒമാരെങ്കിലും വിവിധ സംസ്ഥാനങ്ങളിലായി മരണമടഞ്ഞു. ഇതില്‍ കൂടുതലും ആത്മഹത്യയാണ്. മറ്റ് ചിലത് അമിത സമ്മര്‍ദം നേരിടാനാകാതെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിനൊപ്പമാണ് ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശമുണ്ടെന്ന ആക്ഷേപവും കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍, ദളിതര്‍, ദരിദ്രര്‍ എന്നിവരുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നു എന്ന് വിലയിരുത്തുന്ന സമുദായങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കാന്‍ രഹസ്യ നിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന ആക്ഷേപം. രാജസ്ഥാനില്‍ ഇത്തരത്തില്‍ വ്യാപകമായി വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസ്ര ആരോപിച്ചു.

മിക്കവാറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടുകള്‍ ഇല്ലാതാക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദേഹം ആരോപിച്ചു. എസ്ഐആര്‍ വോട്ടര്‍ പട്ടിക പുതുക്കലല്ല, രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയി മാറിയെന്നും ഇതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.