പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ആരോപണവുമായി ലാലി ജെയിംസ്

പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ആരോപണവുമായി ലാലി ജെയിംസ്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസിന് അതൃപ്തി.

മേയര്‍- ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി വിപ്പ് ലാലി ജെയിംസ് ഇതുവരെ കൈപ്പറ്റിയില്ല. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ലാലി ജെയിംസിന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഭരണത്തില്‍ മുന്‍പരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലാലി ജെയിംസിനെ ചൊടിപ്പിച്ചത്. പണം വാങ്ങി മേയര്‍ പദവി വിറ്റുവെന്നാണ് ലാലി ആരോപിക്കുന്നത്. നിജിയും ഭര്‍ത്താവും എഐസിസി നേതാക്കളെ കണ്ടു. തന്നെ തഴഞ്ഞത് പണം ഇല്ലാത്തതിനാലാണ്. എന്റെ കയ്യില്‍ പണമില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. ചില്ലിക്കാശു പോലും ഇല്ലാത്തയാളാണ് താന്‍. അത് ജനങ്ങള്‍ക്കറിയാമെന്ന് ലാലി ജെയിംസ് പറഞ്ഞു.

"പ്രവര്‍ത്തനം മാത്രമാണ് എന്റെ മുഖമുദ്ര. പൊതുപ്രവര്‍ത്തന രംഗത്ത് ഇത്രനാളും പ്രവര്‍ത്തിച്ചത് പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരാണ് നിജി ജസ്റ്റിനു വേണ്ടി മുന്‍കൈയെടുത്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവിടെ അര്‍ഹതപ്പെട്ടവര്‍ വേറെയുമുണ്ടെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറയാമായിരുന്നു. കെ സി വേണുഗോപാലിനും കേന്ദ്രനേതൃത്വത്തിനും തൃശൂരിലെ കാര്യങ്ങള്‍ അറിയില്ല"- ലാലി ജെയിംസ് തുറന്നടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.