മരിയ മജോറ ബസിലിക്കയിലെ വിശുദ്ധ കവാടം അടച്ചു; 2025-ലെ പ്രത്യാശയുടെ ജൂബിലി സമാപനത്തിലേക്ക്

മരിയ മജോറ ബസിലിക്കയിലെ വിശുദ്ധ കവാടം അടച്ചു; 2025-ലെ പ്രത്യാശയുടെ ജൂബിലി സമാപനത്തിലേക്ക്

റോം: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ആഘോഷിക്കുന്ന ‘പ്രത്യാശയുടെ ജൂബിലി’ വർഷത്തിന് സമാപനം കുറിച്ചുകൊണ്ട് റോമിലെ പ്രശസ്തമായ സെന്റ് മരിയ മജോറ ബസിലിക്കയിലെ വിശുദ്ധ കവാടം അടച്ചു.

ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം നടന്ന പ്രത്യേക ശുശ്രൂഷകൾക്ക് ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് കർദിനാൾ റോളാൻദാസ് മാക്രിക്കാസ് നേതൃത്വം നൽകി.

രണ്ട് മാർപാപ്പമാരുടെ കാലയളവിലായി പൂർത്തിയാകുന്ന അത്യപൂർവ്വ ജൂബിലി വർഷം എന്ന പ്രത്യേകതയോടെയാണ് 2025 കടന്നുപോകുന്നത്. ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത ജൂബിലി വർഷം അദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് അധികാരമേറ്റ ലിയോ പതിനാലാമൻ മാർപാപ്പയുടെ കാലത്താണ് സമാപിക്കുന്നത്. 1700 ന് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ തുറന്ന വിശുദ്ധ കവാടം മറ്റൊരു മാർപാപ്പയുടെ ഭരണകാലത്ത് അടയ്ക്കപ്പെടുന്നത്.

ബുധനാഴ്ച വൈകുന്നേരം ആറു മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് കവാടം അടയ്ക്കുന്ന ചടങ്ങുകൾ ആരംഭിച്ചത്. ബസിലിക്കയിലെ ചരിത്ര പ്രസിദ്ധമായ 'ലാ സ്പെർഡുറ്റ' (La Sperduta) മണി മുഴങ്ങിയതോടെ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം സാക്ഷ്യം വഹിച്ചു.

ജൂബിലി വർഷത്തിൽ തീർത്ഥാടകർക്കായി തുറന്നുകൊടുത്ത നാല് പ്രധാന ബസിലിക്കകളിൽ ആദ്യമായാണ് മരിയ മജോറയിലെ കവാടം അടച്ചത്. ഫ്രാൻസിസ് മാർപാപ്പ തന്റെ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്ത ഇടം എന്ന നിലയിൽ വലിയ പ്രാധാന്യമാണ് മരിയ മജ്ജോറ ബസിലിക്കയ്ക്ക് സഭ നൽകുന്നത്.

വരും ദിവസങ്ങളിൽ റോമിലെ മറ്റ് പ്രധാന പള്ളികളിലെയും വിശുദ്ധ കവാടങ്ങൾ അടയ്ക്കും. 2026 ജനുവരി ആറിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം ലിയോ പതിനാലാമൻ മാർപാപ്പ ഔദ്യോഗികമായി അടയ്ക്കുന്നതോടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങൾക്ക് പൂർണ്ണ തിരശീല വീഴും.

ജൂബിലി വർഷത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് വിശ്വാസികളാണ് റോമിലെത്തി വിശുദ്ധ കവാടം സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.