ചെയര്‍പഴ്‌സന്‍ സ്ഥാനത്തിനായുള്ള അവകാശ വാദം: എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എ ഓഫിസ് നഷ്ടപ്പെട്ടു

ചെയര്‍പഴ്‌സന്‍ സ്ഥാനത്തിനായുള്ള അവകാശ വാദം: എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എ ഓഫിസ് നഷ്ടപ്പെട്ടു

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എ ഓഫിസ് നഷ്ടപ്പെട്ടു. ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യയെ നഗരസഭാ ചെയര്‍പഴ്‌സന്‍ ആക്കാത്തതിനെ തുടര്‍ന്ന് ഓഫിസ് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്ത വീടാണെന്നും ഡിസംബര്‍ 25 വരെയാണ് സമയം പറഞ്ഞിരുന്നതെന്നുമാണ് കെട്ടിട ഉടമയുടെ വാദം.

അതേസമയം എംഎല്‍എ ഓഫിസായി പ്രവര്‍ത്തിക്കാന്‍ എടുത്ത വീടായിരുന്നു എന്നാണ് കുന്നപ്പിള്ളിയോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. നേരത്തെ ഇരിങ്ങോളില്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫിസ് ഡിസംബര്‍ ഏഴിനാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20-ാം വാര്‍ഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള വീട്ടിലേക്ക് മാറ്റുന്നത്. എംഎല്‍എ ഓഫിസ് മാറുന്ന കാര്യം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ രേഖാമൂലം കരാര്‍ എഴുതിയിരുന്നില്ല. ഇതിനിടെ വീടിന്റെ ഉടമയുടെ ഭാര്യ എ.ജി ജെസി യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇവിടെ വിജയിച്ചു. ഇവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചെയര്‍പഴ്‌സന്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചെങ്കിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയ ഡിസിസി കെ.എസ് സംഗീതയെയാണ് ചെയര്‍പഴ്‌സനായി തിരഞ്ഞെടുത്തത്.

ഇതിന് പിന്നാലെ കെട്ടിട ഉടമ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എ ഓഫിസിനായി ഇതിനടുത്തായി മറ്റൊരു സ്ഥലം നോക്കിക്കൊണ്ടിരിക്കുകയാണ് ജീവനക്കാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.