എഗ് : സ്വിറ്റ്സർലൻഡിലെ എഗിലെ സിറോ മലബാർ സമൂഹത്തിന് ഈ വർഷത്തെ ക്രിസ്മസ് ഇരട്ടി മധുരമുള്ളതായി. പ്രവാസലോകത്തെ വിശ്വാസതീക്ഷ്ണതയും സാംസ്കാരിക തനിമയും ഒത്തുചേർന്ന ആഘോഷങ്ങൾക്കൊപ്പം ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ തയ്യിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും നടന്നത് ഇടവകയ്ക്ക് ചരിത്ര നിമിഷമായി മാറി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ സെബാസ്റ്റ്യൻ തയ്യിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ദൈവം അധികാരത്തിന്റെ മുകളിലല്ല മറിച്ച് വിനയത്തിന്റെയും ലാളിത്യത്തിന്റെയും പുൽക്കൂട്ടിലേക്കാണ് ഇറങ്ങിവന്നതെന്ന് അദേഹം തന്റെ സന്ദേശത്തിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു. നസ്രത്തിലെ യേശുവിന്റെ ലളിതജീവിതം ഇന്നത്തെ കാലഘട്ടത്തിലും നമുക്ക് വഴികാട്ടിയാകണമെന്നും ഉദ്ബോധിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സാംസ്കാരിക പരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച 'ക്രിപ്പൻ സ്പീൽ' (Krippenspiel) എന്ന പുൽക്കൂട് ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള ഭാഷയിൽ അതീവ തന്മയത്വത്തോടെ കുട്ടികൾ അവതരിപ്പിച്ച ഈ കലാസൃഷ്ടി കാണികളുടെ പ്രശംസ പിടിച്ചുപറ്റി. എലൈന്ന, ജിയാന്ന, ജോഷുവ, ദിയ എന്നിവരുടെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം ഇടവകയുടെ വകയായി സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് നടന്ന ക്രിസ്മസ് പാപ്പയുടെ സന്ദർശനവും 'ജിംഗിൾ ബെൽ' ഗാനവും മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ആവേശം നിറച്ചു. ഇതിനുശേഷം ഇടവക സമൂഹം ഒന്നടങ്കം ഒരുക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്ന് (അഗാപ്പെ) നടന്നു. സൈമൺ വലിപ്ലാക്കലിന്റെ ഗാനവും ജിമ്മി നസറത്തിന്റെ മിമിക്രിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എഗ് കാത്തലിക് ക്വയർ ആലപിച്ച കരോൾ ഗാനങ്ങൾ ചടങ്ങിനെ സംഗീതസാന്ദ്രമാക്കി.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഈ മനോഹര സംഗമത്തിന് ജോമോൻ പത്തുപറയിൽ നന്ദി രേഖപ്പെടുത്തി. ലാളിത്യത്തിലൂടെ മനുഷ്യരിലേക്ക് എത്തിയ ദൈവസ്നേഹത്തിന്റെ സന്ദേശം പുതുക്കിയ ഈ ജൂബിലി ആഘോഷം എഗിലെ മലയാളി സമൂഹത്തിന് മായാത്ത ഓർമ്മയായി മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.