പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള 'എഐ ചിത്രം' പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തു

പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള 'എഐ ചിത്രം' പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തു

താന്‍ പങ്കുവെച്ചത് യഥാര്‍ഥ ചിത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയില്‍ നിന്നുമെടുത്ത ചിത്രമാണിതെന്നും സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി.

കോഴിക്കോട്: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നില്‍ക്കുന്ന എഐ നിര്‍മിതമെന്ന് പറയപ്പെടുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കേസില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്‌മണ്യന്‍ ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പ് പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്‌മണ്യനെതിരെ സ്വമേധയാ കേസെടുത്തത്.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ എന്‍. സുബ്രമണ്യന്‍ പോസ്റ്റിട്ടത്.

പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്.

എന്നാല്‍ താന്‍ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സുബ്രഹ്‌മണ്യന്‍. പോസ്റ്റ് പിന്‍വലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

താന്‍ പങ്കുവെച്ചത് യഥാര്‍ഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാനുുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയില്‍ നിന്നുമെടുത്ത ചിത്രമാണ് താന്‍ പങ്കുവെച്ചതെന്നും സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.