തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍; പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍; പ്രത്യേക  ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും

ബോധവല്‍കരണത്തിനായി അങ്കണവാടി, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) ഒഴിവാക്കപ്പെട്ടവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാനാണ് തീരുമാനം. ഉന്നതികള്‍, മലയോര, തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവല്‍കരണം നടത്താന്‍ അങ്കണവാടി, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

കേരളം ഉള്‍പ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്നുകോടി എഴുപത് ലക്ഷം വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് തമിഴ്‌നാട്ടിലാണ്.

അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. എന്നാല്‍ കോടതി ഇടപെടല്‍ ഉണ്ടായാല്‍ ഇത് വീണ്ടും നീണ്ടേക്കാം. അന്തിമ പട്ടിക കൂടി വന്ന ശേഷമേ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂയെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

ബിഹാറിന് ശേഷം കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഉത്തര്‍പ്രദേശൊഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂര്‍ത്തിയായി.

ഉത്തര്‍പ്രദേശില്‍ ഈ മാസം 31 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.