'വെറുപ്പിനെതിരെ സ്‌നേഹത്തിന്റെ സംസ്‌കാരം പടുത്തുയര്‍ത്തുന്നവരാണ് ക്രൈസ്തവര്‍'; ഭയപ്പെടുത്തി വരുതിയിലാക്കാനാവില്ലെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

 'വെറുപ്പിനെതിരെ സ്‌നേഹത്തിന്റെ സംസ്‌കാരം പടുത്തുയര്‍ത്തുന്നവരാണ് ക്രൈസ്തവര്‍'; ഭയപ്പെടുത്തി വരുതിയിലാക്കാനാവില്ലെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

കൊച്ചി: ഭയപ്പെടുത്തി വരുതിയില്‍ ആക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ് ക്രൈസ്തവരെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ക്രിസ്മസ് കാലഘട്ടത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ക്രൈസ്തവരില്‍ ആശങ്കയുളവാക്കുന്നതാണ്. ഭരണഘടനാ പരമായി എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഖേദകരമാണ്.

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ ഗവര്‍ണറുടെ ഓഫീസില്‍ പോലും ക്രിസ്മസ് പ്രവര്‍ത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും ഉല്‍ക്കണ്ഠയുളവാക്കുന്നതാണ്. പാലക്കാട് പുതുശേരിയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകുമെന്നും സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ റായ്പൂരിലെ മാളില്‍ സാന്താക്ലോസിന്റെ രൂപം തകര്‍ത്തതും ജബല്‍പൂരില്‍ അന്ധയായ ഒരു ക്രൈസ്തവ പെണ്‍കുട്ടിയെ ആക്രമിച്ചതും ഉത്തര്‍പ്രദേശില്‍ പള്ളിയിലെ പ്രാര്‍ത്ഥന തടസപ്പെടുത്താന്‍ ശ്രമിച്ചതും കാലങ്ങളായി ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്നും മനസിലാകും.

വെറുപ്പിന്റെ സംസ്‌കാരമല്ല സ്‌നേഹത്തിന്റെ സംസ്‌കാരമാണ് ക്രിസ്മസ്. പ്രകോപനങ്ങള്‍ ഉണ്ടായാലും സഹിഷ്ണുതയോട് കൂടി നിലകൊള്ളുകയും അത്തരക്കാരെ തിരിച്ചറിയാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയുന്നുവെന്നുള്ളതും ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ മനസിലാക്കേണ്ടതാണ്. വിദ്വേഷം വളര്‍ത്തി ഭിന്നത ഉണ്ടാക്കുന്ന സാഹചര്യങ്ങളെ ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നുണ്ട്. ഭയപ്പെടുത്തി വരുതിയില്‍ ആക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും നടപ്പിലാകില്ല. വെറുപ്പിന്റെ സംസ്‌കാരത്തിനെതിരെ സ്‌നേഹത്തിന്റെ സംസ്‌കാരം പടുത്തുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ക്രൈസ്തവര്‍ എന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പറഞ്ഞു.

അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഭരണകൂടം തയ്യാറാകണം. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെയും ഐക്യന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ആലപ്പുഴയിലും പാലക്കാടും ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരോളിന് ഉപയോഗിച്ചിരുന്ന ബാന്റില്‍ സിപിഎം എന്ന എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആലപ്പുഴയിലും നിരവധി ഇടങ്ങളില്‍ ക്രിസ്മസ് കരോളിനെ ചൊല്ലി തര്‍ക്കവും ആക്രമണവും നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.