തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം: ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം: ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിര്‍ത്തലാക്കി പകരം വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ആജീവിക മിഷന്‍-ഗ്രാമീണ്‍ (VB-G RAM G)' നിയമം നടപ്പിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്.

ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം 'സേവ് എംജിഎന്‍ആര്‍ഇജിഎ' (Save MGNREGA) ക്യാമ്പയിന്‍ ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് പുതിയ പേരില്‍ പദ്ധതി പാസാക്കിയത്. പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്നും ഇതിനെതിരെ പാര്‍ട്ടി ശക്തമായ പോരാട്ടം നയിക്കുമെന്നും ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാപരമായ തൊഴില്‍ അവകാശം ഉറപ്പാക്കുന്ന ഈ പദ്ധതിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയെ ജനാധിപത്യപരമായി നേരിടുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരോടൊ കേന്ദ്ര മന്ത്രിസഭയോടൊ പോലും ആലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഗ്രാമീണ ജനതയുടെ അവകാശമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും രാജ്യം ഒരു വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം നീങ്ങുന്ന 'വണ്‍ മാന്‍ ഷോ' ആയി മാറിയിരിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു. ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം അണിനിരക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ജി റാം ജി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍ 21 ന് അംഗീകാരം നല്‍കിയിരുന്നു. പുതിയ നിയമ പ്രകാരം ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസത്തെ തൊഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നുണ്ട്. മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായിരുന്ന ഇതിന്റെ സാമ്പത്തിക ബാധ്യത ഇനി മുതല്‍ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.