ന്യൂഡല്‍ഹി: അനധികൃത ആപ്പുകള്‍ ഉപയോഗിച്ച് പുതിയ സിനിമകള്‍ സൗജന്യമായി സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങള്‍ ചോരാനും നിയമനടപടികള്‍ നേരിടാനും കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ സുരക്ഷാ വിഭാഗമായ സൈബര്‍ ദോസ്താണ് എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്ത ആപ്പുകള്‍ തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകളില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഫോണുകളില്‍ വിവിധ സപൈ വൈറസുകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഫോണിലെ പാസ്വേഡുകള്‍, ബാങ്കിങ് വിവരങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍ എന്നിവ കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇത്തരം ആപ്പുകളെയാണ് മറയാക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അറിയാതെയാണെങ്കില്‍ പോലും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ നിയമക്കുരുക്കിലാക്കും. സൗജന്യമായി സിനിമ കാണാമെന്ന വ്യാമോഹത്തില്‍ നിങ്ങളുടെ സുരക്ഷയും ഡാറ്റയും അപകടത്തിലാക്കരുത്. അപരിചിതമായ ആപ്പുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ റിസ്‌കിനും നിയമ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും പൈറസി കുറ്റകൃത്യമാണെന്നുമാണ് സൈബര്‍ ദോസ്ത് എക്‌സില്‍ കുറിച്ചിരിക്കുന്നത്.
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറോ ആപ്പിള്‍ ആപ്പ് സ്റ്റോറോ മാത്രം ഉപയോഗിക്കുക. ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്ടുകളോ എസ്എംഎസോ ആവശ്യപ്പെടുന്നത് ചോദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അംഗീകൃത ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയോ തീയേറ്ററുകളിലൂടെയോ മാത്രം സിനിമകള്‍ കാണുക.
വ്യാജ ആപ്പുകള്‍ മുഖേന ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ദിവസേന സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നത്. പിക്കാഷോ പോലുള്ള പ്ലാറ്റ്ഫോമുകള്‍ സൈബര്‍ ഭീഷണി ഉയര്‍ത്തുന്നവയുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.