ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം എട്ട് ശതമാനം കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സ്വകാര്യ സ്‌കൂളുകള്‍ 14.9 ശതമാനം വര്‍ധിച്ചു. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാത്രമല്ല വിദ്യാഭ്യാസ നിലവാരത്തിന്റെ ഇടിവ് സംബന്ധിച്ച സൂചനയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014-2024 കാലത്ത് രാജ്യത്ത് 89,441 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 24.1 ശതമാനം സ്‌കൂളുകളാണ് മധ്യപ്രദേശില്‍ മാത്രം പൂട്ടിയത്. ജമ്മു-കാശ്മീര്‍, ഒഡിഷ, അരുണാചല്‍പ്രദേശ്, യു.പി, ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടലില്‍ മുന്നില്‍. സ്വകാര്യ സ്‌കൂളുകള്‍ വര്‍ധിച്ചതില്‍ ബിഹാറാണ് മുന്നില്‍. 179 ശതമാനമാണ് ബിഹാറിലെ സ്വകാര്യ സ്‌കൂളുകളുടെ വളര്‍ച്ച. ഉത്തര്‍ പ്രദേശില്‍ ഇത് 45 ശതമാനമാണ്.
2024 ലെ എഎസ്ഇആര്‍ റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 23.4 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാം ക്ലാസ് ലെവല്‍ പാഠപുസ്തകം വായിക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1.52 ലക്ഷത്തിലധികം സ്‌കൂളുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതിയില്ലെന്നും 67,000 സ്‌കൂളുകള്‍ ടോയ്ലറ്റുകള്‍ ഇല്ലാതെയും മതിയായ കുടിവെള്ള സൗകര്യങ്ങളില്ലാതെ രാജ്യത്ത് 24,580 സ്‌കൂളുകള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.