തദ്ദേശ ഭരണ ചിത്രം തെളിഞ്ഞു: യുഡിഎഫിന് 532 ഗ്രാമ പഞ്ചായത്തുകള്‍, എല്‍ഡിഎഫിന് 358, എന്‍ഡിഎ 30; എട്ടിടത്ത് സ്വതന്ത്രരും മറ്റ് കക്ഷികളും

തദ്ദേശ ഭരണ ചിത്രം തെളിഞ്ഞു:  യുഡിഎഫിന് 532 ഗ്രാമ പഞ്ചായത്തുകള്‍, എല്‍ഡിഎഫിന് 358, എന്‍ഡിഎ 30; എട്ടിടത്ത്   സ്വതന്ത്രരും മറ്റ് കക്ഷികളും

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശ ഭരണം സംബന്ധിച്ച ചിത്രം വ്യക്തമായി.

കൂറുമാറ്റവും മുന്നണി മാറ്റവും വിചിത്ര കൂട്ടുകെട്ടുകളും കൈയ്യബദ്ധങ്ങളും കണ്ട തിരഞ്ഞെടുപ്പിനൊടുവില്‍ 941 ല്‍ 532 ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കും. 358 പഞ്ചായത്തുകളാണ് ഇടതുമുന്നണിക്ക് ഒപ്പമുള്ളത്. എന്‍ഡിഎ 30 പഞ്ചായത്തുകളിലും സ്വതന്ത്രരും മറ്റ് കക്ഷികളും എട്ട് പഞ്ചായത്തുകളിലും അധികാരത്തിലെത്തി.

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് ബിജെപിയുമായി കൈകോര്‍ത്തത് വന്‍ രാഷ്ട്രീയ വിവാദമായി. ഇവിടെ എല്‍ഡിഎഫ്-10, യുഡിഎഫ്-എട്ട്, എന്‍ഡിഎ-നാല്, യുഡിഎഫ് വിമതര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എല്‍ഡിഎഫ് ഭരണത്തിലെത്താതിരിക്കാന്‍ രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് കല്ലറക്കലിനെയാണ് കോണ്‍ഗ്രസ്, എന്‍ഡിഎ അംഗങ്ങള്‍ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പിന്നാലെ, ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി.

തൃശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ പിന്തുണച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ യുഡിഎഫിന് കിട്ടി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എം. നിധീഷിനോട് സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും തയ്യാറായിട്ടില്ല. അതേസമയം, പത്തനംതിട്ട കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം എസ്ഡിപിഐ പിന്തുണ സ്വീകരിക്കാതെ രാജിവെച്ചു.

പാലക്കാട് അഗളി ഗ്രാമപ്പഞ്ചായത്തില്‍ കൂറുമാറിയ യുഡിഎഫ് അംഗം എല്‍ഡിഎഫ് സഹായത്തോടെ പ്രസിഡന്റായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. അഗളി ഗ്രാമപ്പഞ്ചായത്ത് 20-ാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച എന്‍.കെ. മഞ്ജുവാണ് അപ്രതീക്ഷിതമായി എല്‍ഡിഎഫിലേക്ക് ചേക്കേറിയത്.

പത്തൊമ്പതംഗ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒന്‍പതും അംഗങ്ങളാണ് ഉണ്ടായിരുന്നത്. മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ 10 വോട്ട് ലഭിച്ച് പ്രസിഡന്റായി.

പാലാ കരൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ ജയിച്ച സ്വതന്ത്രന്‍ കൂറുമാറി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായി. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിലാണ് ഭരണം കിട്ടാതെ പോയത്. യുഡിഎഫ് സ്വതന്ത്രനായി ജയിച്ച പ്രിന്‍സ് അഗസ്റ്റ്യനാണ് ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റായത്. യുഡിഎഫിന് ഒന്‍പതും എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണുണ്ടായിരുന്നത്. പ്രിന്‍സ് അഗസ്റ്റ്യന്‍ കൂറുമാറിയതോടെ ഇടതുപക്ഷത്തിന് ഭൂരിപക്ഷമായി.

അസാധാരണ രാഷ്ട്രീയ നീക്കത്തില്‍ കോട്ടയം കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുചേര്‍ന്ന് പിന്തുണച്ച സ്വതന്ത്രന്‍ എ.പി ഗോപി പ്രസിഡന്റായി. 40 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്ത് ഇതോടെ അവര്‍ക്ക് നഷ്ടമായി.

16 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ്-8, യുഡിഎഫ്-4, ബിജെപി-3, സ്വതന്ത്രന്‍-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫും ബിജെപിയും ഗോപിക്ക് വോട്ടുചെയ്തതോടെ അദ്ദേഹത്തിന് എട്ടു വോട്ട് കിട്ടി. സിപിഎമ്മിലെ കെ.എസ്. സലിമോനും ഇതേ വോട്ട് വന്നതോടെ നറുക്കെടുത്തു.

അതില്‍ ഭാഗ്യം ഗോപിക്കൊപ്പമായി. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്ക്കരുതെന്ന വിപ്പ് തങ്ങളുടെ അംഗങ്ങള്‍ ലംഘിച്ചതായി ബിജെപി അറിയിച്ചു. കോണ്‍ഗ്രസ് പ്രതികരിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.