കൊച്ചി: കൊച്ചി ബിനാലെയുടെ യഥാര്‍ഥ താരം കേരളവും കൊച്ചിയും പഴയ കെട്ടിടങ്ങളും ചുറ്റുമുള്ള ആളുകളുമാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി. ഒരു മലയാളി എന്ന നിലയില്‍ കൊച്ചി ബിനാലെ ഏറെ അഭിമാനം നല്‍കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അരുന്ധതി റോയി.
'എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഞാന്‍ ബിനാലെയില്‍ ചുറ്റി നടക്കുകയായിരുന്നു. ഇവിടെ മനോഹരമായ കലാസൃഷ്ടികള്‍ ഉള്ളതുകൊണ്ട് മാത്രമല്ല. ഇവിടുത്തെ യഥാര്‍ഥ താരം കേരളവും കൊച്ചിയും ഈ പഴയ കെട്ടിടങ്ങളും ചുറ്റുമുള്ള ആളുകളുമാണെന്ന് ഞാന്‍ കരുതുന്നു.' - അരുന്ധതി റോയി പറഞ്ഞു.
വെറും വാണിജ്യ ലക്ഷ്യത്തോടെ ഉള്ളതോ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് മാത്രമായതോ ആയ ഒന്നല്ല ബിനാലെ. ഈ ആശയത്തെ ഏറെ ഇഷ്ടപ്പെടുന്നു. കലയെ അതിന്റെ വിപണി മൂല്യം കൊണ്ട് മാത്രം അളക്കേണ്ടതല്ല. കലാകാരന്മാരെയും എഴുത്തുകാരെയും സംഗീതജ്ഞരെയും അവര്‍ക്കായി നിലകൊള്ളുന്നവരെയും പിന്തുണയ്ക്കലാണ് കലയെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.
ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വിവിധ വേദികള്‍ സന്ദര്‍ശിച്ച അരുന്ധതി റോയി, ഇത്രയും മനോഹരമായ ഒരു സംരംഭത്തെ ഉള്‍ക്കൊള്ളാന്‍ കൊച്ചിയല്ലാതെ മറ്റൊരു സ്ഥലം തനിക്ക് സങ്കല്‍പിക്കാന്‍ കഴിയില്ലന്നും പറഞ്ഞു. കേരള സര്‍ക്കാര്‍ ബിനാലെയ്ക്ക് നല്‍കുന്ന പിന്തുണയില്‍ നിന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും കമ്മ്യൂണിസ്റ്റുകാരും സഹവര്‍ത്തിത്വത്തോടെ സഹവസിക്കുന്ന ഒരിടത്ത് നിന്നുള്ള വ്യക്തി ആയതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
കോട്ടയം അയ്മനത്ത് വളര്‍ന്ന അരുന്ധതി റോയിയുടെ 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന കൃതി 1997 ല്‍ ബുക്കര്‍ പ്രൈസ് നേടിയിരുന്നു. അരുന്ധതി റോയിയുടെ മാതാവ് മേരി റോയിയെക്കുറിച്ചുള്ള 'മദര്‍ മേരി കംസ് ടു മി' എന്ന പുതിയ സ്മരണക്കുറിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാ പ്രദര്‍ശനമായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് കഴിഞ്ഞ പന്ത്രണ്ടാം തിയതിയാണ് തുടക്കം കുറിച്ചത്.
നിഖില്‍ ചോപ്രയും എച്ച്.എച്ച് ആര്‍ട്ട് സ്പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 കലാകാരന്മാരുടെ പ്രദര്‍ശനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ മലയാളി കലാകാരന്മാരായ 36 പേരുടെ കലാസൃഷ്ടികള്‍ 'ഇടം' എന്ന പേരില്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ പന്ത്രണ്ടിന് ആരംഭിച്ച പ്രദര്‍ശനം മാര്‍ച്ച് 31 ന് സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.